പ്രതീകാത്മക ചിത്രം
മാഡ്രിഡ്: യുക്രെയ്ൻ തലസ്ഥാനമായ കീവിൽ റഷ്യ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ ഒന്പതു പേർ കൊല്ലപ്പെടുകയും ഒട്ടേറെപ്പേർക്കു പരിക്കേൽക്കുകയും ചെയ്തു.
യുക്രെയ്ൻ സേന വ്യോമപ്രതിരോധ മിസൈലുകളുടെ ക്ഷാമം നേരിടുന്നതിനാൽ റഷ്യൻ ആക്രമണങ്ങൾ അടുത്തകാലത്ത് കനത്ത നാശം വിതച്ചുതുടങ്ങിയിട്ടുണ്ട്.
35 മിസൈലുകളും 185 ഡ്രോണുകളാണ് റഷ്യ ഇന്നലെ തൊടുത്തതെന്നെന്ന് യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി അറിയിച്ചു. 27 എണ്ണം ബാലിസ്റ്റിക് മിസൈലുകളായിരുന്നു.
ഇതിൽ ഒരെണ്ണം വെടിവച്ചിടാനേ യുക്രെയ്നു കഴിഞ്ഞുള്ളൂ. അമേരിക്കൻ നിർമിത പേട്രിയറ്റ് വ്യോമപ്രതിരോധ സംവിധാനത്തിൽ ഉപയോഗിക്കുന്ന മിസൈലുകൾ ലഭ്യമല്ലാത്തതാണ് കാരണമെന്ന് സെലൻസ്കി കൂട്ടിച്ചേർത്തു.
തുടരെയുള്ള മിസൈൽ ആക്രമണത്തിൽ കീവ് നഗരത്തിൽ ഡസൻകണക്കിനു സ്ഫോടനങ്ങളുണ്ടായി. 18 പാർപ്പിടസമുച്ചയങ്ങൾ, ഒരു സ്കൂൾ, അടിസ്ഥാന സൗകര്യങ്ങൾ എന്നിവ നശിച്ചു.
കീവിലെ ലിത്വാനിയൻ എംബസിക്കു കേടുപാടുണ്ടായി. എംബസി പരിസരത്ത് രണ്ടു മിസൈലുകൾ പതിച്ചതായി ലിത്വാനിയൻ വിദേശകാര്യമന്ത്രാലയം അറിയിച്ചു.
അടുത്തടുത്ത ദിവസങ്ങളിൽ കീവ് നേരിടുന്ന രണ്ടാമത്തെ വൻ ആക്രമണമാണിത്. വ്യാഴാഴ്ചയുണ്ടായ ആക്രമണത്തിലും ഒന്പതു പേർ കൊല്ലപ്പെട്ടിരുന്നു.
Tags : Ukraine Unable Russian MissileAttack Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash