പാണപ്പുഴ: വോളി ഗ്രാമമായ പാണപ്പുഴയിൽ കാൽപ്പന്തിന്റെ ലോകകപ്പ് ആവേശം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ബ്രസീൽ ഫാൻസ് സ്ഥാപിച്ച 35x 20 സൈസിലുള്ള കൂറ്റൻ ഫ്ലക്സ് ബോർഡ് ജില്ലയിലെ തന്നെ ഏറ്റവും ഉയരം കൂടിയ ബോർഡാണ്.
ബ്രസീലിന്റെ ഫുട്ബോൾ പാരമ്പര്യം, അഞ്ച് ലോകകപ്പുകൾ നേടിയ ചരിത്രം, നെയ്മർ അടക്കമുള്ള ഈ ലോകകപ്പിൽ കളിക്കുന്ന കളിക്കാർ, കോച്ച് കാർലോ ആഞ്ചലോട്ടി എന്നിവരെയും ബ്രസീലിന്റെ ഇതിഹാസ താരങ്ങളെയും ഉൾപ്പെടുത്തിയാണ് ഫ്ലക്സ് ബോർഡ് സ്ഥാപിച്ചിക്കുന്നത്.
അർജന്റീന ഫാൻസും ഏറെ ആവേശത്തിലും ആത്മവിശ്വാസത്തിലുമാണ്. ഇവർ സ്ഥാപിച്ച 75 x 10 സൈസിലുള്ള ഫ്ലക്സ് ബോർഡ് ജില്ലയിലെ ഏറ്റവും നീളും കൂടിയ ഫ്ലക്സ് ബോർഡ് ആണ്. കഴിഞ്ഞ ലോകകപ്പിൽ വിജയിച്ച് കോകകപ്പുമായി നിൽക്കുന്ന മെസിയുടേയും ടീമംഗങ്ങളുടെയും ഫോട്ടോകൾ, ഇത്തവണത്തെ ടീമംഗങ്ങൾ, കോച്ച് ലയണൽ സ്കലോണിയുടെ ചിത്രവും ഇതിഹാസ താരം മറഡോണയടക്കമുളള പഴയകാല താരങ്ങളുടെ ചിത്രങ്ങളും ഉൾപ്പെട്ടതാണ് ബോർഡ്.
പോർച്ചുഗൽ ഫാൻസും ഏറെ ആവേശത്തിലാണ്. ക്രിസ്റ്റ്യാനോ റൊണാൾഡോ എന്ന സൂപ്പർ താരത്തിന്റെ കടുത്ത ആരാധകരാണിവർ.
45 x 10 സൈസിലുളള ബോർഡും കൂടാതെ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ 50 അടി ഉയരമുള്ള കട്ടൗട്ടുമാണ് സ്ഥാപിച്ചത്. പോർച്ചുഗൽ ഫാൻസിന്റെ ജില്ലയിലെ ഏറ്റവും വലിയ കട്ടൗട്ട് ആണിതെന്ന് പാണപ്പുഴയിലെ ആരാധകർ അവകാശപ്പെടുന്നു.
കോക്കടവിൽ ജപ്പാനും
ചെറുപുഴ: കോക്കടവിലും ജപ്പാൻ ടീമിന് ആരാധകർ. ഈ കൊച്ചു ഗ്രാമത്തിൽ അർജന്റീന, ബ്രസീൽ, സ്പെയിൻ എന്നീ ടീമുകളുടെ കൂറ്റൻ ഫ്ലക്സുകൾക്കിടയിൽ "ഞങ്ങളുമുണ്ട് ' എന്നെഴുതി ജപ്പാൻ ഫുട്ബോൾ ടീമംഗങ്ങളുടെ ഫോട്ടോകളും ഉൾപ്പെടുത്തി ജപ്പാൻ ഫാൻസ് കോക്കടവിന്റെ പേരിലാണ് ഫ്ലക്സ് സ്ഥാപിച്ചിരിക്കുന്നത്.
മറ്റ് എല്ലാ ടീമുകളുടെയും ആരാധകർ ഒന്നിച്ചു കൂടിയാണ് ജപ്പാന്റെ ഫ്ലക്സ് സ്ഥാപിച്ചത്. ടീമിന്റെ മികച്ച പോരാട്ട വീര്യവും പരുക്കൻ അടവുകൾ ഒന്നുമില്ലാതെ ഗ്രൗണ്ടിലും പുറത്തും അവർ പാലിക്കുന്ന മാന്യതയും ഏഷ്യയിലെ മികച്ച ടീമെന്നതുമാണ് ഫുട്ബോൾ പ്രേമികളെ ജപ്പാൻ ആരാധകരാക്കി മാറ്റുന്നത്
Tags : Football Nattuvishesham District News