കാസര്‍ഗോഡ്: സ്വന്തം ജില്ലയില്‍ പോലീസ് മേധാവിയാകുന്ന ആദ്യ ഐപിഎസ് ഉദ്യോഗസ്ഥനായി അജാനൂര്‍ രാവണീശ്വരം സ്വദേശി പി. നിധിന്‍രാജ്. നിധിന്‍രാജ് രാവണീശ്വരം ജിഎച്ച്എസ്എസിലും കാഞ്ഞങ്ങാട് ദുര്‍ഗ എച്ച്എസ്എസിലുമായിരുന്നു സ്കൂള്‍ വിദ്യാഭ്യാസം.
കോട്ടയം രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ നിന്നു മെക്കാനിക്കല്‍ എന്‍ജിനിയറിംഗ് ബിരുദം നേടി.
ചെറുപ്പം തൊട്ടേ സിവില്‍ സര്‍വീസ് സ്വപ്നം കാണുന്ന നിധിന്‍രാജ് തന്റെ രണ്ടാം പരിശ്രമത്തില്‍ 2018ലെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ 210-ാം റാങ്ക് നേടിയാണ് പോലീസ് സര്‍വീസില്‍ എത്തിയത്.
2019 ഐഎഎസ് ബാച്ചുകാരനായ നിധിന്‍രാജിന്റെ ആദ്യ നിയമനം വയനാട് അസി. പോലീസ് സൂപ്രണ്ടായിട്ടായിരുന്നു. പിന്നീട് തിരുവനന്തപുരം സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍, വടകര റൂറല്‍ ജില്ലാ പോലീസ് മേധാവി എന്നീ പദവികള്‍ വഹിച്ച ശേഷമാണ് കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണറായി നിയമിതനായത്. അവിടെ നിന്നാണ് നിധിന്‍രാജ് കാസര്‍ഗോഡ് ജില്ലാ പോലീസ് മേധാവിയായി എത്തുന്നത്. മുന്‍ പ്രവാസി കെ. രാജേന്ദ്രന്റെയും പി. ലതയുടെയും മകനാണ്. ഭാര്യ ആലപ്പുഴ സ്വദേശി ഡോ. ലക്ഷ്മി കൃഷ്ണന് മംഗളുരുവിലാണ് ജോലി ചെയ്യുന്നത്. അശ്വതി സഹോദരിയാണ്.