പത്തനംതിട്ട: ഓപ്പറേഷൻ തൂഫാനിൽ ശക്തമായ പരിശോധനകളും കർശന നടപടികളുമായി പത്തനംതിട്ട ജില്ലാ പോലീസ്. കഴിഞ്ഞ മേയ് രണ്ടിന് ആരംഭിച്ച ഓപ്പറേഷൻ തൂഫാൻ( ദി നാർക്കോ ഹണ്ട്) പദ്ധതി വ്യാഴാഴ്ച 10 ദിവസം പൂർത്തീകരിച്ചപ്പോൾ നിരോധിത പുകയില ഉത്പന്നങ്ങളുടെ വിപണനവുമായി ബന്ധപ്പെട്ട് 83 കേസുകളും കഞ്ചാവ്, എംഡിഎംഎ ഉൾപ്പെടെയുള്ള ലഹരി മരുന്നുകളുടെ ഉപയോഗവും വിപണവുമായി ബന്ധപ്പെട്ട് 47 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ജില്ലയിൽ ഓപ്പറേഷൻ തൂഫാൻ പദ്ധതിയിൽ 130 കേസുകൾ രജിസ്റ്റർ ചെയ്തപ്പോൾ 140 പേർ ഇതേവരെ അറസ്റ്റിലായിട്ടുണ്ട്. ലഹരിമരുന്ന് വില്പനയും ഉപയോഗവുമായി ബന്ധപ്പെട്ട് 650 ലധികം റെയ്ഡുകൾ നടത്തി.
വിദ്യാർഥികളെയും യുവാക്കളെയും ലക്ഷ്യമിട്ട് ലഹരിമാഫിയ നടത്തിവന്ന പ്രവർത്തനങ്ങളെ തടയുന്നതിനും പ്രതിരോധിക്കുന്നതിനും ജില്ലയിലെ പോലീസിന് സാധിച്ചുവെന്ന് ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ് അറിയിച്ചു.
ജില്ലാ പോലീസ് മേധാവിയുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ജില്ലാ ഡാൻസാഫ് ടീം സംസ്ഥാന പോലീസിനുതന്നെ അഭിമാനമാകുന്ന തരത്തിൽ വൻതോതിൽ ലഹരി മരുന്നുകൾ പിടിച്ചെടുക്കുന്നതിനും അന്തർസംസ്ഥാന ബന്ധങ്ങളുള്ള ലഹരിക്കടത്ത് സംഘങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്നതിനും നിരവധി കേസുകൾക്ക് തുമ്പുണ്ടാക്കുന്നതിനും സഹായകരമായ പ്രവർത്തനങ്ങളാണ് നടത്തിവരുന്നത്.
ജില്ലാ ഡാൻസാഫ് ടീമിന് പുറമേ അഞ്ച് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടുമാരുടെ നിയന്ത്രണത്തിൽ ഒരു സബ് ഇൻസ്പെക്ടർ ഉൾപ്പെടെ നാല് പോലീസുദ്യോഗസ്ഥർ വീതമടങ്ങുന്ന അഞ്ച് സബ് ഡിവിഷൻ ഡാൻസാഫ് ടീമുകളും ലഹരിക്കെതിരേയുള്ള പോരാട്ടത്തിൽ ജില്ലാ പോലീസിന് കരുത്തായി മുഴുവൻ സമയവും പ്രവർത്തിക്കും.
ഇതിനുപുറമേ ജില്ലയിലെ 23 പോലീസ് സ്റ്റേഷനുകളിലെയും സ്റ്റേഷൻ ഹൗസ് ഓഫീസർമാരുടെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാർ ഉൾപ്പെടുന്ന വിവിധ സംഘങ്ങളായി തിരിഞ്ഞ് ഓരോ സ്റ്റേഷൻ പരിധിയിലും ഹോട്ട് സ്പോട്ടുകളായി കണ്ടെത്തിയിട്ടുള്ള സ്ഥലങ്ങളിൽ പതിവായും തുടർച്ചയായും പരിശോധനകളും ആരംഭിച്ചിട്ടുണ്ടെന്ന് എസ്പി പറഞ്ഞു.
250നടുത്ത് ഹോട്ട് സ്പോട്ടുകൾ
ജില്ലാ രഹസ്യാന്വേഷണ വിഭാഗം ജില്ലാ പോലീസ് മേധാവിക്ക് കൈമാറുന്ന വിവരങ്ങൾ അനുസരിച്ച് വിവിധതരത്തിലുള്ള ലഹരിമരുന്നുകളുടെ ഉപയോഗം, കച്ചവടം എന്നിവ നടക്കാൻ സാധ്യതയുള്ള 250നടുത്ത് സ്ഥലങ്ങൾ ഹോട്ട് സ്പോട്ടുകളായി കണ്ടെത്തിയട്ടുണ്ട്.
ഇതുകൂടാതെ ജില്ലയിലെ മുഴുവൻ സ്കൂളുകളും കോളജ് പരിസരങ്ങളും പോലീസിന്റെ തുടർച്ചയായ നിരീക്ഷണത്തിലുമാണ്. ജില്ലയിലെ 23 പോലീസ് സ്റ്റേഷനുകളിലെയും സ്റ്റേഷൻ ഹൗസ് ഓഫീസർമാരുടെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാർ ഉൾപ്പെടുന്ന വിവിധ സംഘങ്ങളായി തിരിഞ്ഞ് ഓരോ സ്റ്റേഷൻ പരിധിയിലും ഹോട്ട് സ്പോട്ടുകളായി കണ്ടെത്തിയിട്ടുള്ള സ്ഥലങ്ങളിൽ പതിവായും തുടർച്ചയായും പരിശോധനകളും ആരംഭിച്ചിട്ടുണ്ടെന്ന് എസ്പി പറഞ്ഞു.