കാട്ടാന ശല്യത്തിനെതിരേ ചേർന്ന സർവ്വകക്ഷി യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് സിനി ജിനോ പ്രസംഗിക്കുന്നു.
കൂരാച്ചുണ്ട്: കൂരാച്ചുണ്ട് പഞ്ചായത്തിലെ ഓട്ടപ്പാലം - മണ്ടോപ്പാറ എന്നീ പ്രദേശങ്ങളിൽ തുടർച്ചയായി കാട്ടാനകൾ ജനവാസ കേന്ദ്രങ്ങളിലിറങ്ങി കൃഷിനാശവും മനുഷ്യ ജീവനു ഭീഷണിയുമായി തീർന്ന സാഹചര്യത്തിൽ കാട്ടാനകളെ പ്രതിരോധിക്കാനുള്ള നടപടികൾ ശക്തമാക്കി കൂരാച്ചുണ്ട് പഞ്ചായത്ത് .സർക്കാർ അനുവദിച്ച 20 കിലോമീറ്റർ ദൂരത്തിലുള്ള തൂക്കുവേലി പദ്ധതി സർക്കാർ എത്രയും വേഗത്തിൽ നടപ്പിലാക്കണമെന്നാണ് പഞ്ചായത്തിന്റെ ആവശ്യം.
വി.ടി. സൂരജ് എംഎൽഎ മന്ത്രിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം അനുവദിച്ച ബോട്ട് ഉപയോഗിച്ച് റിസർവോയറിലൂടെ വനം വകുപ്പ് ആർആർടി സംഘം പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ രാത്രിയിൽ ഈ മേഖലയിൽ കാട്ടാനയുടെ കടന്നാക്രമണം ഉണ്ടായില്ലെന്ന് പ്രദേശത്തെ കർഷകർ അറിയിച്ചു.
എന്നാൽ കരമാർഗവും പട്രോളിംഗ് ആരംഭിക്കുന്നതിനായി ജലസേചന വകുപ്പിന്റെ ഭൂമിയിലെ കാടുകൾ വെട്ടിനീക്കി ഗതാഗത സൗകര്യമൊരുക്കാൻ സർവ്വകക്ഷി യോഗത്തിൽ തീരുമാനിച്ചു.
ഇതിനായി വിവിധ രാഷ്ട്രീയ പാർട്ടികൾ, സന്നദ്ധ സംഘടനകൾ എന്നിവരെ ഉപയോഗപ്പെടുത്തി മണ്ടോപ്പാറ- മറ്റത്തിൽ താഴെ - ഓട്ടപ്പാലം മേഖലയിലൂടെ ഞായറാഴ്ച ജലസേചന വകുപ്പിന്റെ ഭൂമിയിലെ കാടു വെട്ടിനീക്കുന്നതിനും തീരുമാനമായി. ഒരാഴ്ചയ്ക്കുള്ളിൽ ഈ പ്രദേശത്ത് തെരുവ് വിളക്കുകൾ സ്ഥാപിക്കുന്നതിനും തീരുമാനിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് സിനി ജിനോ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ബിജു കടലാശേരി, പഞ്ചായത്തംഗങ്ങളായ പ്രബീഷ് തളിയോത്ത്, വി.കെ ഹസീന, എന്.കെ കുഞ്ഞമ്മദ്, ചെറിയാൻ ജോസഫ് അറയ്ക്കൽ, സിഡിഎസ് ചെയർപേഴ്സൺ സുനിത ജോബ്, ഒ.കെ അമ്മദ്, പഞ്ചായത്ത് സെക്രട്ടറി ഇൻ ചാർജ് കെ.പി മനിൽ കുമാർ, ഷാജു കാരക്കട, കെ.ആർ രാമകൃഷ്ണൻ, കെ.ജെ. തോമസ്, സോണി തേനംമാക്കൽ, സജി കൂനംതാനം, തോമസ് പുന്നമറ്റത്തിൽ, സൂപ്പി തെരുവത്ത്, സുബിൻ നെടുമല , ജസ്റ്റിൻ ജോൺ, സാദിഖ് ഓണാട്ട്, ബഷീർ കൊല്ലിയിൽ എന്നിവർ പ്രസംഗിച്ചു.
Tags : Local News Nattuvishesham Kozhikode