കൊട്ടിയം: മയ്യനാട് പഞ്ചായത്തിന്റെ വടക്കന്‍ മേഖലയില്‍ മഞ്ഞപ്പിത്തം (ഹെപ്പറ്റെറ്റിസ് എ ) വ്യാപകമാകുന്നു. ആരോഗ്യവിഭാഗവും മയ്യനാട് പഞ്ചായത്തും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി. രോഗബാധിതരുടെ എണ്ണം ഉയര്‍ന്നതോടെ റെഡ് സോണ്‍ പ്രഖ്യാപിച്ച് പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കുമെന്ന് വിഷ്ണു മോഹന്‍ എംഎല്‍എ അറിയിച്ചു. ജനുവരി മുതല്‍ ഹെപ്പറ്റൈറ്റിസ്-എ രോഗബാധ സ്ഥിരീകരിച്ചതോടെ പഞ്ചായത്തും ആരോഗ്യവിഭാഗവും പ്രതിരോധ നടപടികള്‍ ആരംഭിച്ചിരുന്നതായി പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് റാഫി പറഞ്ഞു.
രോഗബാധിതരുടെ എണ്ണം 90ല്‍ നിന്ന് 40 ആയി കുറയ്ക്കാനായെങ്കിലും ഉമയനല്ലൂര്‍ ഈസ്റ്റ്, പറക്കുളം, കൊട്ടിയം സൗത്ത്, നടുവിലക്കര വാര്‍ഡുകളില്‍ രോഗം പടരുന്നതാണ് ആശങ്കയ്ക്ക് ഇടയാക്കുന്നത്. ഡെപ്യൂട്ടി ഡിഎംഒ യുടെ നേതൃത്വത്തില്‍ മൂന്നു പ്രാവശ്യം ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. കുട്ടികളില്‍ രോഗം ബാധിക്കുന്നത് പ്രശ്നം സങ്കീര്‍ണമാക്കുകയാണ്. പ്രദേശത്ത് ജലസ്രോതസുകളിലും കിണറുകളിലും നടത്തിയ പരിശോധനയില്‍ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. കൊല്ലത്ത് ജല ഭവനിലും പബ്ലിക് ഹെല്‍ത്ത് ലാബിലും നടത്തിയ പരിശോധനയിലും കോളിഫോം ബാക്ടീരിയ സ്ഥിരീകരിച്ചു.
ഉമയനല്ലൂരില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ കൂട്ടമായി താമസിച്ചിരുന്ന സ്ഥലത്തെ കിണറ്റിലും കോളിഫോം ബാക്ടീരിയ സ്ഥിരീകരിച്ചിരുന്നു. ഭക്ഷ്യനിര്‍മാണ കമ്പനിയിലെ ജീവനക്കാരായ ഇവരെ ഇവിടെനിന്ന് മാറ്റി പാര്‍പ്പിച്ചു. ഭക്ഷണത്തില്‍ നിന്നും പാനീയങ്ങളില്‍ നിന്നുമാണ് രോഗം പിടിപെടുന്നതെന്ന് ആരോഗ്യ വകുപ്പ് പറഞ്ഞു. രോഗവ്യാപനം തടയുന്നതിന് ബോധവത്കരണവും ക്ലോറിനേഷനും വ്യാപകമായി നടത്തുന്നുണ്ട്.
വയറിലും തലയിലും ശരീരത്തും അസഹ്യമായ വേദനയടക്കം ലക്ഷണമുള്ളവര്‍ ഉടനേ ആശുപത്രികളില്‍ ചികിത്സ തേടണം. മഴക്കാലപൂര്‍വ ശുചീകരണപ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ എല്ലാ വാര്‍ഡുകളും ചേര്‍ത്തുള്ള ആലോചനായോഗം ഇന്നലെ പഞ്ചായത്ത് ഓഫീസില്‍ നടത്തി.
Tags : Local News Nattuvishesham Kollam