വെള്ളൂരിൽ റോഡിലെ കുഴികൾ അടയ്ക്കുന്നു.
തലയോലപ്പറമ്പ്: നാലു വർഷമായി തകർന്നുകിടക്കുന്ന മുളക്കുളം-ചന്തപ്പാലം-വടയാർ-മുട്ടുചിറ റോഡിന്റെ നിർമാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ജനപ്രതിനിധികളുടെയും കെഎസ്ടിപി ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയ പ്രവർത്തകരുടെയും യോഗം ചേർന്നു.
തലയോലപ്പറമ്പ് പഞ്ചായത്ത് ഹാളിൽ കെ. ബിനിമോൻ എംഎൽഎയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ റോഡ് നിർമാണം അടുത്ത മേയ് മാസത്തിനു മുൻപ് പൂർത്തീകരിക്കാൻ തീരുമാനിച്ചു.
റോഡിന്റെ ഡിപിആറിൽ സംഭവിച്ച അപാകത പരിഹരിച്ച് ആവശ്യമായ സ്ഥലങ്ങളിൽ ഓടകളും കലുങ്കുകളും നിർമിക്കും. വലിയ കുഴികൾ അടക്കും. റോഡിൽ നിൽക്കുന്ന വൈദ്യുത പോസ്റ്റുകളും ജലവിതരണ കുഴലുകളും മഴക്കാലത്തു തന്നെ മാറ്റിസ്ഥാപിക്കും. മഴമാറിയാൽ നിർമാണ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തി റോഡ് പൂർത്തീകരിക്കും.
പഞ്ചായത്ത് പ്രസിഡന്റുമാരായ ജോസ് വേലിക്കകം, സാജിത യൂസഫ്, ജനപ്രതിനിധികളായ വിജയമ്മ ബാബു, കുര്യാക്കോസ് തോട്ടത്തിൽ, അനിത സുഭാഷ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എം.കെ. ഷിബു, അബ്ദുൾ സലീം, കെ.കെ. സിദ്ധിക്ക്, ജോയി കൊച്ചാനാപ്പറമ്പിൽ, ജോൺ ചേമ്പാലയിൽ, വി.ടി. ജയിംസ് കെഎസ്ടിപി എക്സിക്യൂട്ടീവ് എൻജിനിയർ ആർ. ദീപ, കരാർകാരുടെ പ്രതിനിധികൾ എന്നിവർ പ്രസംഗിച്ചു.
നിർമാണ പ്രവർത്തനങ്ങൾ തുടങ്ങി
തലയോലപ്പറമ്പ്: നാല് വർഷത്തോളമായി തകർന്നു കിടക്കുന്ന മുളക്കുളം -ചന്തപ്പാലം-വടയാർ-മുട്ടുചിറ റോഡിന്റെ നിർമാണ പ്രവർത്തനങ്ങൾ പുനരാംഭിക്കുന്നതിന്റെ ഭാഗമായി റോഡിലെ വലിയകുഴികൾ അടക്കാൻ തുടങ്ങി.
23 കിലോമീറ്റർ ദൂരംവരുന്ന മുളക്കുളം-ചന്തപ്പാലം-വടയാർ-മുട്ടുചിറ റോഡിന്റെ നിർമാണത്തിന് കഴിഞ്ഞ സർക്കാർ 112 കോടി രൂപയായിരുന്നു വകയിരുത്തിയിരുന്നത്. റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി ജർമൻ സാമ്പത്തിക സഹായത്തോടെയാണ് റോഡ് നിർമിക്കുന്നത്.
കെഎസ്ടിപിക്കാണ് നിർമാണച്ചുമതല. റോഡ് കോൺക്രീറ്റ് ചെയ്ത് സംരക്ഷണഭിത്തിയടക്കമാണ് നിർമിക്കുന്നത്. മുന്പ് രണ്ടുവർഷ കാലാവധിയിൽ നിർമാണം ഏറ്റെടുത്ത കമ്പനി പണി പൂർത്തിയാക്കാതെ വന്നതോടെ സർക്കാർ കരാർ റദ്ദാക്കി.
രണ്ടാമത് ടെണ്ടർ നടത്തിയതിനെത്തുടർന്ന് കരാർ ഏറ്റെടുത്ത കമ്പനിയാണ് ഇപ്പോൾ നിർമാണ പ്രവർത്തനം ആരംഭിച്ചത്. റോഡ് തകർന്ന് കാൽനട പോലും ദുഷ്കരമായതോടെ പ്രദേശവാസികളും വ്യാപാരികളും കടുത്ത ദുരിതത്തിലായിരുന്നു.
Tags : Local News Nattuvishesham Kottayam