നിർമാണം ആരംഭിച്ച് മാസങ്ങൾ പിന്നിട്ടിട്ടും എങ്ങും എത്താത്ത വെഞ്ഞാറമൂട് ഫ്ലൈ ഓവർ.
വെഞ്ഞാറമൂട്: വെഞ്ഞാറമൂട് ഫ്ലൈഓവർ നിർമാണം അനിശ്ചിതമായി നീളുന്നതിൽ ആശങ്കയോടെ വ്യാപാരികളും യാത്രക്കാരും. സർവീസ് റോഡിനായുള്ള സ്ഥലമേറ്റെടുപ്പ് പാതിവഴിയിൽ നിലച്ചതും ഇലക്ട്രിക് പോസ്റ്റുകൾ മാറ്റിസ്ഥാപിക്കാത്തതുമാണ് പ്രധാന പ്രതിസന്ധിയായി ചൂണ്ടിക്കാട്ടുന്നത്. ഈ പ്രവർത്തികൾ ചെയ്യാതെ നിർമാണം പൂർത്തിയാക്കാൻ കഴിയില്ലെന്നാണ് നിർമാണ ചുമതലയുള്ള ഊരാളുങ്കൽ സൊസൈറ്റിയുടെ പക്ഷം.
ഇതോടെ സർക്കാരിന്റെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് പ്രതിഷേധവും ശക്തമാവുകയാണ്. ഫ്ലൈഓവറിന്റെ നിർമാണം ഇഴയുന്നത് പദ്ധതി പ്രദേശത്തെ വ്യാപാരികളേയും സ്ഥിരം യാത്രക്കാരേയും ദുരിതത്തിലാക്കുകയാണ്.
വെഞ്ഞാറമൂട് ബസ് സ്റ്റാൻഡിന് പരിസരത്തെ വ്യാപാരസ്ഥാപനങ്ങളിലേക്കുള്ള വഴി അടഞ്ഞതോടെ കച്ചവടം പൂർണമായും തകർന്ന മട്ടാണ്. കൂടാതെ രൂക്ഷമായ ഗതാഗത കുരുക്കും ജനത്തെ പൊറുതിമുട്ടിക്കുന്നു. പോത്തൻകോട്, കഴക്കൂട്ടം തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകേണ്ട സ്ഥിരം യാത്രക്കാർ സ്റ്റാൻഡിൽ നിന്ന് വയ്യേറ്റ് ജംഗ്ഷൻ വരെ നടന്നാൽ മാത്രമേ ബസ് കിട്ടുകയുള്ളൂ.
ജനങ്ങളുടെ ദുരിതത്തിന് അറുതി വരുത്താൻ ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് യുദ്ധകാലാടിസ്ഥാനത്തിലുള്ള ഇടപെടൽ ഉണ്ടാകണമെന്നാണ് പ്രാദേശിക ആവശ്യം.നിലവിലെ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് നിർമാണം പൂർത്തിയാക്കാനുള്ള ശ്രമങ്ങളുമായി മുന്നോട്ട് പോകാനാണ് ഊരാളുങ്കൽ സൊസൈറ്റിയുടെ ഇപ്പോഴത്തെ തീരുമാനം.
ഏകദേശം അമ്പതോളം തൊഴിലാളികളാണ് ഫ്ലൈഓവറിന്റെ വിവിധ നിർമാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നത്. നിലവിലെ പ്രത്യേക സാഹചര്യത്തിൽ കൂടുതൽ തൊഴിലാളികളെ വിന്യസിക്കേണ്ട ആവശ്യമില്ലെന്നാണ് നിർമാണ കമ്പനിയുടെ തീരുമാനം.
നിർമാണത്തിലുണ്ടായ കാലതാമസത്തിൽ കമ്പനിക്ക് കടുത്ത അതൃപ്തിയാണുള്ളത്. പദ്ധതിയുടെ തുടക്കത്തിൽ തന്നെ കൃത്യമായ ഏകോപനവും ക്രമീകരണങ്ങളും നടപ്പിലാക്കാൻ സാധിച്ചിരുന്നുവെങ്കിൽ ഫ്ലൈഓവർ നിർമ്മാണത്തിന്റെ പ്രധാന ഘട്ടങ്ങൾ ഇതിനോടകം പൂർത്തിയാക്കാൻ കഴിയുമായിരുന്നുവെന്ന് കമ്പനി ചൂണ്ടിക്കാട്ടുന്നു. മുൻകൂട്ടി ആസൂത്രണം ചെയ്ത രീതിയിൽ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കാത്തത് പദ്ധതിയുടെ വേഗതയെ ദോഷകരമായി ബാധിച്ചിട്ടുണ്ട്.