തൃശൂർ: ലോകമെങ്ങും ഫുട്ബോൾ ആരവങ്ങളിലേക്കു വഴിമാറുമ്പോൾ, വേറിട്ടൊരു ആശയവുമായി ശ്രദ്ധേയമാവുകയാണ് നന്തിക്കര ഗവ. ഹയർ സെക്കൻഡറി സ്കൂൾ. വിദ്യാലയത്തിലെ ടൈറ്റൻ സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ലോകകപ്പ് പ്രവചനമത്സരത്തിലെ വിജയികൾക്ക് നൽകുന്നതു സ്കൂളിലെ കുട്ടികൾതന്നെ നിർമിച്ച ട്രോഫികളാണ്.
പൊതുവിദ്യാഭ്യാസവകുപ്പിന്റെ ഭാഗമായി സ്കൂളിനു ലഭിച്ച ടിങ്കറിംഗ് ലാബും റോബോട്ടിക്സ് സാങ്കേതികവിദ്യയും പ്രയോജനപ്പെടുത്തിയാണ് വിദ്യാർഥികൾ ലോകകപ്പിന്റെ മിനിയേച്ചർ ട്രോഫികൾ സ്വയം രൂപകല്പന ചെയ്തത്. ഓരോ ദിവസത്തെയും പ്രവചനമത്സരത്തിലെ വിജയികൾക്ക് ഈ മിനിയേച്ചർ ട്രോഫികൾ സമ്മാനമായി നൽകും.
ആദ്യദിവസത്തെ പ്രവചനമത്സരത്തിൽ സി.ബി. ശ്രീലക്ഷ്മി വിജയിയായി. സ്കൂൾ പ്രധാന അധ്യാപിക പി.ടി. രാധിക, പിടിഎ പ്രസിഡന്റ് സുനിൽ കൈതവളപ്പിൽ എന്നിവർ ചേർന്നു ട്രോഫി സമ്മാനിച്ചു. അധ്യാപകരായ ഡോ. സുധീർ രാമചന്ദ്രൻ, എ.യു. ഷിഹാബുദ്ദീൻ, പി.എം. രമേഷ് എന്നിവർ പ്രസംഗിച്ചു.
Tags : nattu vishesham Nandikara School celebrates football