10 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശി തന്മയ് മണ്ഡലിനെ എക്സൈസ് ഉദ്യോഗസ്ഥർ പിടികൂടിയപ്പോൾ.
പെരിന്തൽമണ്ണ: ഇതര സംസ്ഥാന തൊഴിലാളികൾ അടക്കമുള്ള യുവാക്കളെയും വിദ്യാർഥികളെയും കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന നടത്തിയിരുന്ന ബംഗാൾ സ്വദേശി എക്സൈസിന്റെ പിടിയിൽ. ബംഗാൾ സ്വദേശി തന്മയ് മണ്ഡലിനെയാ (25) ണ് 10 കിലോ കഞ്ചാവും അവ തൂക്കാൻ ഉപയോഗിച്ച ത്രാസും കഞ്ചാവ് വിൽപ്പനയിൽ ലഭിച്ച 18,645 രൂപയുമായി എക്സൈസ് സംഘം അറസ്റ്റ് ചെയ്ത്.
ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി പുളിങ്കാവ് -മലറോഡ് ഭാഗത്ത്നിന്നാണ് ഇയാളെ പിടികൂടിയതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. ചെറുകര, കട്ടുപ്പാറ, പുലാമന്തോൾ, പെരിന്തൽമണ്ണ ടൗണ് ഭാഗങ്ങളിൽ ഇയാൾ സ്ഥിരമായി കഞ്ചാവ് വിൽപ്പന നടത്തി വരികയായിരുന്നു. കഞ്ചാവിന്റെ ഉറവിടത്തെക്കുറിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
പെരിന്തൽമണ്ണ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ വി. അനൂപും സംഘവും നടത്തിയ പട്രോളിംഗിനിടെ ലഭിച്ച വിവരത്തെത്തുടർന്നായിരുന്നു റെയ്ഡ്. പ്രിവന്റീവ് ഓഫീസർ സുനിൽകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ വിഷ്ണുദാസ്, മുഹമ്മദ് റിയാസ്, ഡ്രൈവർ അനീഷ് എന്നിവരും ഒപ്പമുണ്ടായിരുന്നു.
മയക്കുമരുന്ന് കേസ് പ്രതിയെ കാപ്പ ചുമത്തി ജയിലിൽ അടച്ചു
നിലമ്പൂർ: ലഹരി വ്യാപനം തടയുന്നതിനായി സംസ്ഥാന വ്യാപകമായി തുടരുന്ന ഓപറേഷൻ തൂഫാന്റെ ഭാഗമായി മയക്കുമരുന്ന് കേസുകളിപ്പെട്ട മന്പാട് ഒടായിക്കൽ സ്വദേശി മേത്തലയിൽ സുഹൈബ് എന്ന മത്തായിയെ (32) പോലീസ് കാപ്പ ചുമത്തി ആറ് മാസത്തേക്ക് വിയ്യൂർ ജയിലിൽ അടച്ചു. ഇന്നലെ പുലർച്ചെ ഒന്നോടെയാണ് ഇയാളെ പിടികൂടിയത്. ഇയാളുടെ കൈവശം 0.4 ഗ്രാം എംഡിഎംഎയും ഉണ്ടായിരുന്നു.
സുഹൈബ് രാസ ലഹരി വിൽപ്പന നടത്തുന്നുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്ന് കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ഇദ്ദേഹത്തിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ മെത്തഫിറ്റാമിനും ഹാഷിഷ് ഓയിലും പിടികൂടിയിരുന്നു. ഈ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ പ്രതി വീണ്ടും ലഹരി വിൽപ്പന തുടരവേ 42 ഗ്രാം എംഡിഎംഎയുമായി മഞ്ചേരി പോലീസിന്റെ പിടിയിലായി രണ്ടാഴ്ച മുന്പാണ് ജാമ്യത്തിൽ ഇറങ്ങിയത്.
ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോണ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരമാണ് നടപടി. മണൽക്കടത്ത് കേസിലും പ്രതിയാണ് സുഹൈബ്. ലഹരി ഇടപാടുകൾ നടത്തുന്നവർക്കെതിരേ വരുംനാളുകളിലും ശക്തമായ നടപടി തുടരുമെന്ന് പോലീസ് വ്യക്തമാക്കി.
ഇൻസ്പെക്ടർ ബി.എസ്. ബിനു, എസ്ഐ എ.എസ്. ജാബിർ, എഎസ്ഐ കെ. സുനിത, സിപിഒ ജിതിൻ, ഡാൻസാഫ് അംഗങ്ങളായ സുനിൽ മന്പാട്, ടി. നിബിൻ ദാസ്, ജിയോ ജേക്കബ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
നിലമ്പൂരിൽ ജനകീയ പ്രതിരോധവുമായി പോലീസ്
നിലമ്പൂർ: ഓപറേഷൻ തൂഫാൻ ജനകീയമായി നടപ്പാക്കി ലഹരി സംഘങ്ങളെ തുരത്താൻ പോലീസ്. ഒരു മാസം നീണ്ടുനിൽക്കുന്ന കാന്പയിന് നിലന്പൂരിൽ തുടക്കമായി. ജനപ്രതിനിധികൾ, കോളജ് പ്രിൻസിപ്പൽമാർ, സ്കൂൾ പ്രധാനാധ്യാപകർ.
സന്നദ്ധ സംഘടനാ പ്രതിനിധികൾ, ക്ലബ് പ്രതിനിധികൾ, കുടുംബശ്രീ അംഗങ്ങൾ, ആദിവാസി നഗറുകളിലെ പ്രമോട്ടർമാർ സ്കൂളിലെ എസ്പിസിഎൻഎസ്എസ് അംഗങ്ങൾ ഉൾപ്പെടെ 200 ലേറെ പേരാണ് കാന്പയിനിൽ പങ്കെടുത്തത്.
ലഹരി ഇടപാടും ഉപയോഗവും തടയാൻ വിവിധ പരിപാടികൾ പോലീസ് ആസൂത്രണം ചെയ്തിട്ടുണ്ട്. ഫുട്ബോൾ ഉൾപ്പെടെ കായിക മേഖലയെ സജീവമാക്കാനും ബോധവത്കരണ കാന്പയിനുകൾ നടത്താനും ആദിവാസി നഗറുകളിൽ ഉൾപ്പെടെ കലാപരിപാടികൾ സംഘടിപ്പിക്കാനുമാണ് തീരുമാനം. റെയിൽവേ സ്റ്റേഷൻ പരിസരം, ബസ് സ്റ്റാൻഡ് പരിസരങ്ങൾ, ഇടവഴികൾ തുടങ്ങി എല്ലാ മേഖലയിലും ഇനി ലഹരിസംഘത്തിന് പിന്നാലെ പോലീസിന്റെ കണ്ണ് ഉണ്ടാകും.
കോളജുകൾ, സ്കൂളുകൾ എന്നിവിടങ്ങളിലേക്ക് ലഹരിസംഘം എത്താനുള്ള പഴുതുകൾ അടക്കും. ലഹരി തടയേണ്ടത് നാടിന്റെ അനിവാര്യതയായതിനാൽ വിവരങ്ങൾ അപ്പപ്പോൾ അറിയിക്കണമെന്നാണ് പോലീസ് മുന്നറിയിപ്പ്. എസ്ഐ ജാബിർ കാന്പയിൻ ഉദ്ഘാടനം ചെയ്തു. നഗരസഭാ വൈസ് ചെയർമാൻ ഷൗക്കത്തലി കൂമഞ്ചേരി, വികസന സ്ഥിരംസമിതി അധ്യക്ഷൻ മുംതാസ് ബാബു, കൗണ്സിലർമാർ എന്നിവർ പ്രസംഗിച്ചു.
Tags : Local News Nattuvishesham Malappuram