കോട്ടയം: ജില്ലയുടെ ക്രമസമാധാനപാലനത്തിനും സുരക്ഷാ ക്രമീകരണത്തിനും നേതൃത്വം നല്കിയ ജില്ലാ പോലീസ് ചീഫ് എ. ഷാഹുല്‍ ഹമീദ് പുതിയ ദൗത്യത്തിലേക്ക്. ശബരിമല രണ്ടു സീസണില്‍ മികച്ച രീതിയില്‍ എരുമേലിയില്‍ ഉള്‍പ്പെടെ പോലീസിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചതും പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, പ്രധാനമന്ത്രി എന്നിവര്‍ ജില്ലയില്‍ എത്തിയപ്പോള്‍ മികച്ച രീതിയില്‍ സുരക്ഷാവീഴ്ചയില്ലാതെ സേനയുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിച്ചതും ഷാഹുല്‍ ഹമീദിന്റെ നേതൃത്വത്തിലായിരുന്നു. ജില്ലയില്‍ പോലീസ് ചീഫായി സ്ഥാനമേറ്റതു മുതല്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിനും സൈബര്‍ സുരക്ഷ സംബന്ധിച്ചു ജനങ്ങളില്‍ ബോധവത്കരണം നടത്തുന്നതിനും അദ്ദേഹം പ്രത്യേക ശ്രദ്ധ പുലര്‍ത്തിയിരുന്നു.
നിരവധി സൈബര്‍ തട്ടിപ്പ് കേസുകളിലെ പ്രതികളെ പിടികൂടാനും ഇദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട്. കോട്ടയത്തെ ഞെട്ടിച്ച തിരുവാതുക്കല്‍ ഇരട്ട കൊലപാതകത്തിലെ പ്രതിയെ പിടികൂടിയതും ജില്ലയിലെ മോശം പോലീസ് സ്റ്റേഷനുകളുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്ന ചിങ്ങവനം പോലീസ് സ്റ്റേഷനെ ജില്ലയിലെ നമ്പര്‍ വണ്‍ പോലീസ് സ്റ്റേഷനാക്കി മാറ്റിയതും ഷാഹുല്‍ ഹമീദിന്റെ മികവാണ്. മാതാപിതാക്കളും ഭാര്യയും മകളും അടങ്ങുന്നതാണ് ഷാഹുല്‍ ഹമീദിന്റെ കുടുംബം. മൂവാറ്റുപുഴ സ്വദേശിയാണ്. 2020 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ അദ്ദേഹം 2024 ഓഗസ്റ്റ് 21നാണ് ജില്ലയുടെ പോലീസ് ചീഫായി ചാര്‍ജെടുത്തത്. പുതിയ പോസ്റ്റിംഗ് ഓര്‍ഡര്‍ ലഭിച്ചിട്ടില്ലെന്നു ഷാഹുല്‍ ഹമീദ് പറഞ്ഞു.