ഗാന്ധിനഗർ: സൂര്യനെല്ലിയിൽ കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ വിദ്യാർഥിയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ മന്ത്രി മോൻസ് ജോസഫ് സന്ദർശിച്ചു. ചിന്നക്കനാൽ സിങ്കു കണ്ടം അങ്കൻവാടി തെരുവിൽ പരേതരായ രാജ-മാരി ദമ്പതികളുടെ മകൻ രക്ഷൻ (11) ആണ് കാട്ടാനയുടെ തട്ടേറ്റ് മെഡിക്കൽ കോളജ് ആശുപത്രി ന്യൂറോ സർജറി വിഭാഗത്തിൽ ചികിത്സയിലുള്ളത്.
വാർഡിലെത്തി രക്ഷനെയും ബന്ധുക്കളെയും മന്ത്രി സന്ദർശിച്ചു. തുടർന്ന് മാധ്യമങ്ങളെ കണ്ട മന്ത്രി രക്ഷന്റെ കുടുംബത്തിന് സാമ്പത്തിക സഹായം ഉൾപ്പെടെ നൽകി സർക്കാർ ചേർത്തു പിടിക്കുമെന്ന് പറഞ്ഞു. ഇക്കാര്യത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശനും വനംമന്ത്രി ഷിബു ബേബി ജോണുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കും. മുഖ്യമന്ത്രിയുടെയും വനം മന്ത്രിയുടെയും നിർദേശപ്രകാരമാണ് ജില്ലയിലെ മന്ത്രി എന്ന നിലയിൽ മെഡിക്കൽ താൻ കോളജിലെത്തിയത്.
രക്ഷന്റെ ചികിത്സയ്ക്ക് ആശുപത്രി സൂപ്രണ്ടിന്റെയും മെഡിക്കൽ കോളജ് പ്രിൻസിപ്പലിന്റെയും നേതൃത്വത്തിൽ കോ ഓർഡിനേഷനുണ്ടാകും. നാട്ടകം സുരേഷ് എംഎൽഎ, ആശുപത്രി സൂപ്രണ്ട് ഡോ. ടിജി തോമസ് ജേക്കബ്, മെഡിക്കൽ കോളജ് പ്രിൻസിപ്പൽ വർഗീസ് പി. പുന്നൂസ്, ജില്ലാ പഞ്ചായത്ത് അംഗം ജോസ്മോൻ മുണ്ടയ്ക്കൽ, ആർഎംഒ സാം ക്രിസ്റ്റി മാമ്മൻ എന്നിവർ മന്ത്രിയെ അനുഗമിച്ചു.