മാഹി: ന്യൂഡൽഹിയിലെ നാഷണൽ ക്രാഫ്റ്റ് മ്യൂസിയത്തിൽ കേരളീയ സാംസ്കാരിക പൈതൃകത്തിന്റെ ചുമർചിത്രമൊരുക്കി മാഹി സ്വദേശിനിയും സംഘവും.
പ്രമുഖ ചുമർചിത്രകാരിയും സാമൂഹിക-പരിസ്ഥിതി പ്രവർത്തകയുമായ കെ.ഇ. സുലോചന മാഹിയുടെ നേതൃത്വത്തിലുള്ള കലാസംഘമാണ് ചുമർചിത്രമൊരുക്കിയത്.
കഥകളി, മോഹിനിയാട്ടം, വള്ളംകളി, പുലികളി, കളരിപ്പയറ്റ്, വേലകളി എന്നിവയുൾപ്പെടുന്ന 70 അടി വലിപ്പമുള്ള ചുമർചിത്രമാണ് ഒരുക്കിയത്. സുലോചനയ്ക്കൊപ്പം രഞ്ജിത്ത് അരിയിൽ, ഷിബുരാജ് വടകര, ആർ. ശുഭശ്രീ എന്നിവരടങ്ങുന്ന സംഘമാണ് പത്തുദിവസം കൊണ്ട് ചിത്രം പൂർത്തിയാക്കിയത്. ചുമർ ചിത്രത്തിന്റെ അനാവരണം ഹാൻഡി ക്രാഫ്റ്റ് ഡവലപ്മെന്റ് കമ്മീഷണർ അമൃത് രാജ് നിർവഹിച്ചു.
സീനിയർ ഡയറക്ടർ കേണൽ മനോജ് റാണ അധ്യക്ഷത വഹിച്ചു. അസി. ഡയറക്ടർ ശൈലേഷ് സിംഗ്, കെ.ഇ. സുലോചന എന്നിവർ പ്രസംഗിച്ചു.