ആലക്കോട്: റബർ വിപണിയിൽ വില ഉയരുന്പോഴും മെച്ചമില്ലാതെ കർഷകർ. ആർഎസ്എസ് നാലിന് കിലോയ്ക്ക് 268 രൂപ വരെ ലഭിക്കുന്നുണ്ടെങ്കിലും മേയിൽ മഴമൂലം ഉത്പാദനം കാര്യമായി നടക്കാതെ പോയതും റെയിൻ ഗാർഡ് പിടിപ്പിക്കാൻ മഴ തടസമായതും മഴക്കാല ടാപ്പിംഗ് ചെലവുകൾ കുത്തനെ ഉയർന്നതും തൊഴിലാളി ക്ഷാമവുമാണ് കർഷകരെ പ്രതിസന്ധിയിലാക്കിയത്. വില ഉയർന്നതിന്റെ ആവേശം വിപണിയിലുണ്ടെങ്കിലും തോട്ടങ്ങളിൽ അതിന്റെ പ്രതിഫലനമില്ലെന്ന് കർഷകർ പറയുന്നു.
ഏതാനും വർഷങ്ങളായി ഉത്പാദനത്തിൽ കാര്യമായ കുറവ് ഉണ്ടായതായാണ് റബർ ബോർഡിന്റെ കണക്കുകളും വ്യക്തമാക്കുന്നത്. കാലാവസ്ഥാ വ്യതിയാനവും ഇലകൊഴിച്ചിലും മരങ്ങളെ ബാധിച്ചിരുന്നു. പാലിന്റെ ലഭ്യതക്കുറവ് കാരണം മിക്ക കർഷകരും വേനൽക്കാല ടാപ്പിംഗ് നിർത്തിവയ്ക്കുകയും ചെയ്തു.
തൊഴിലാളികളെ കിട്ടാനില്ല
തൊഴിലാളികളുടെ ക്ഷാമവും കൂലി വർധനയുമാണ് റബർ കർഷകർ നേരിടുന്ന പ്രധാന വെല്ലുവിളികൾ. ടാപ്പിംഗിന് മരത്തിന് മൂന്നു രൂപയ്ക്കു മുകളിൽ കൂലി വർധിച്ചിട്ടും ടാപ്പിംഗിന് ആളെ കിട്ടാത്ത അവസ്ഥയുണ്ട്. അതിരാവിലെ ആരംഭിക്കേണ്ട ടാപ്പിംഗ് ജോലി ഉപേക്ഷിച്ച് തൊഴിലാളികൾ നിർമാണ മേഖലയിലേക്കും മറ്റും മാറിയതും പുതുതായി ഈ മേഖലയിലേക്ക് ആളുകൾ കടന്നു വരാത്തതുമാണ് തൊഴിലാളി ക്ഷാമത്തിന് കാരണം. മഴക്കാല ടാപ്പിംഗിനുള്ള സാമഗ്രികളുടെ വിലക്കയറ്റമാണ് മറ്റൊരു പ്രധാന പ്രശ്നം. റെയിൻ ഗാർഡിനും പ്ലാസ്റ്റിക് ഷീറ്റുകൾക്കും പശയ്ക്കും അനുബന്ധസാമഗ്രികൾക്കുമായി കഴിഞ്ഞ വർഷത്തേക്കാൾ 25 ശതമാനത്തിന് മുകളിലാണ് ഈ വർഷത്തെ വില.
ചെറുകിട കർഷകർക്ക് ജീവിതമാർഗത്തോടൊപ്പം ഉത്പാദനം കൂടുന്നതിന് മഴക്കാല ടാപ്പിംഗ് അനിവാര്യമാണെന്നിരിക്കെ ഇതുമായി ബന്ധപ്പെട്ട ചെലവ് വർധിക്കുകയാണ്. ഇതിനു പരിഹാരമായി റെയിൻ ഗാർഡിനും അനുബന്ധസാമഗ്രികൾക്കും സബ്സിഡി നൽകാൻ സർക്കാർ തയാറാകണമെന്ന് കർഷകർ ആവശ്യപ്പെടുന്നു.