ഇരിട്ടി: കനത്ത മഴയെത്തുടർന്ന് കുടക് ജില്ലയിൽ മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്നതിനാൽ മാക്കൂട്ടം ചുരംപാത ഉൾപ്പെടെയുള്ള റോഡുകളിൽ വലിയ ഭാരവാഹനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി. കഴിഞ്ഞ ഒന്പതു മുതലാണ് ഭാരവാഹനങ്ങൾക്ക് കുടക് ജില്ലാ ഭരണകൂടം നിരോധന ഉത്തരവ് പുറപ്പെടുവിച്ചത്.
കണ്ടെയ്നറുകൾ, ബുള്ളറ്റ് ടാങ്കറുകൾ, മരം, മണൽ എന്നിവ കൊണ്ടുപോകുന്ന ലോറികൾ, ടോറസ് ലോറികൾ, മൾട്ടി ആക്സിൽ ടിപ്പറുകൾ തുടങ്ങിയ വലിയ ചരക്ക് വാഹനങ്ങളുടെ ഗതാഗതമാണ് പൂർണമായും നിരോധിച്ചത്. ബസ് ഉൾപ്പടെയുള്ള യാത്രാവാഹനങ്ങൾക്കും പച്ചക്കറികൾ അടക്കം കൊണ്ടുപോകുന്ന സാധാരണ ചരക്ക് വാഹനങ്ങൾക്കും ലോറികൾക്കും നിയന്ത്രണം ബാധകമല്ല. നിയമം ലംഘിക്കുന്ന വാഹന ഉടമകൾക്കെതിരെ ദുരന്ത നിയമപ്രകാരം കേസെടുക്കുമെന്ന് കുടക് കളക്ടർ എസ്.ജെ. സോമശേഖർ അറിയിച്ചു.
കഴിഞ്ഞ വർഷവും ശക്തമായ മഴക്കാലത്ത് കുടകിലെ റോഡുകളിൽ ഇപ്രകാരം ഹെവി വാഹനങ്ങൾക്ക് ഗതാഗത നിരോധനം ഏർപ്പെടുത്തിയിരുന്നു. തലശേരി - കുടക് അന്തർ സംസ്ഥാന പാതയുടെ ഭാഗമായ ചുരം റോഡിൽ ഉൾപ്പെടെ വലിയ തോതിലുള്ള മണ്ണിടിച്ചിൽ ഭീഷണിയുണ്ട്.
വഴിയിലേക്കു ചാഞ്ഞു നിരവധി മരങ്ങളും ഏതുസമയവും നിലംപൊത്തുമെന്ന അവസ്ഥയിലാണ്. കേരളത്തിന് അതിരിടുന്ന കുടക് ജില്ലയിലും മഴ ശക്തമാണ്. കനത്ത മഴയെത്തുടർന്ന് ഇന്നലെയും ജില്ലയിൽ സ്കൂളുകൾക്കും കോളജുകൾക്കും അവധി നൽകിയിരുന്നു.
കാവേരി കരകവിഞ്ഞ് ഒഴുകിയതിനെത്തുടർന്ന് നദിയുടെ സമീപപ്രദേശത്തുള്ള പല ഭാഗങ്ങളിലും വെള്ളം കയറിയിട്ടുണ്ട്. മുൻകരുതൽ നടപടിയായി വെള്ളച്ചാട്ടങ്ങളിലോ നദികളിലോ അരുവികളിലോ ഇറങ്ങരുതെന്ന് കാണിച്ച് നിരോധന ഉത്തരവും കളക്ടർ പുറപ്പെടുവിച്ചിട്ടുണ്ട്.
കുടകിൽ ഭാരവാഹനങ്ങൾക്കു നിയന്ത്രണം ഏർപ്പെടുത്തിയതു വഴി കണ്ണൂർ ഉൾപ്പടെയുള്ള ഭാഗത്തേക്കുള്ള ചരക്കുഗതാഗതം ചെലവേറിയതാകും. തലശേരി-മൈസൂരു സംസ്ഥാനാന്തര പാത വഴി വന്ന വാഹനങ്ങൾ മംഗളൂരു- മഞ്ചേശ്വരം വഴിയോ മൈസൂരുവിൽനിന്നു ഊട്ടി റോഡ് വഴിഗുണ്ടൽപേട്ട് കോഴിക്കോട് വഴിയോ നൂറിലധികം കിലോമീറ്റർ അധികം ദൂരം സഞ്ചരിക്കേണ്ടി വരും. കുടകിലെ എല്ലാ ചെക്ക് പോസ്റ്റുകളിലും നിരോധന വിഭാഗത്തിൽപെട്ട ലോറികൾ എത്തുമ്പോൾ അധികൃതർ വിവരം അറിയിക്കുന്നുണ്ട്.
Tags : Heavy vehicles to be restricted Nattuvishesham District News