മൂന്നാര്‍: ഗതാഗതക്കുരുക്കും അപകടങ്ങളും രൂക്ഷമായ സാഹചര്യത്തില്‍ മൂന്നാറില്‍ ഗതാഗതപരിഷ്കരണത്തിനൊരുങ്ങി അധികൃതര്‍. നൂറുകണക്കിനു വിദേശ, ആഭ്യന്തര വിനോദസഞ്ചാരികള്‍ എത്തുന്ന ഇടമെന്ന നിലയില്‍ ടൗണില്‍ രൂക്ഷമായ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. ഈ അഴിയാക്കുരുക്ക് അഴിക്കുന്നതിനും ഗതാഗതം സുഗമമാക്കുന്നതിന്റെയും ഭാഗമായി ആവശ്യമായ നിയന്ത്രണങ്ങളും പദ്ധതികളും കൊണ്ടുവരുന്നതിനാണ് ആലോചന.
ടൗണില്‍ തിരക്കുള്ള സമയങ്ങളില്‍പോലും യുടേണ്‍ ഉള്‍പ്പെടെയുള്ള നടപടികളിലൂടെ ഗതാഗത തടസത്തിന് ഇടയാക്കുന്ന നടപടികള്‍ അവസാനിപ്പിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ കൊണ്ടുവരും. പുതിയ ഓട്ടോകള്‍ക്ക് പെര്‍മിറ്റ് നല്കുന്നതില് ഉള്‍പ്പെടെ നിയന്ത്രണങ്ങളുണ്ടാകും. അനിയന്ത്രിതമായ വിധത്തില്‍ ടൗണില്‍ ഓടുന്ന ഓട്ടോകളുടെ എണ്ണം പരിമിതപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ഇതിനാവശ്യമായ നടപടി സ്വീകരിക്കും.
ഗതാഗത പരിഷ്കരണത്തിന്റെ ആദ്യപടിയായി 19ന് മൂന്നാറില്‍ സര്‍വകക്ഷി യോഗം ചേരും. ഡിവൈഎസ്പി, മോട്ടോര്‍വാഹന ഉദ്യോഗസ്ഥര്‍, തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. നിലവിലുള്ള ഓട്ടോകളുടെ വിവരങ്ങള്‍ കൃത്യമായി ശേഖരിക്കുന്നതിനു പുറമേ അനധികൃത പാര്‍ക്കിംഗ് സംബന്ധിച്ച് കര്‍ശന നടപടി സ്വീകരിക്കും. മൂന്നാര്‍ ജിഎച്ച് റോഡ്, നല്ലതണ്ണി, കല്ലാര്‍ റോഡുകളില്‍ അനധികൃത പാര്‍ക്കിംഗ് നടത്തുന്ന വാഹനങ്ങള്‍ക്കും ഉടമകള്‍ക്കുമെതിരേ കടുത്ത നടപടി സ്വീകരിക്കാനാണ് തീരുമാനം.
റോഡുകളില്‍ വാഹനങ്ങള്‍ നിര്‍ത്തിയിടുന്നത് അനുവദിക്കില്ല. ബൊട്ടാണിക്കല്‍ ഗാര്ഡന്, കെഎഫ്ഡിസി ഗാര്ഡന് എന്നിവിടങ്ങളില്‍ റോഡുകളില്‍ വാഹനങ്ങള്‍ നിര്‍ത്തിയിട്ടാല്‍ സ്ഥാപനങ്ങള്‍ക്കെതിരേ നിയമനടപടി സ്വീകരിക്കും. ഇത്തരം സ്ഥാപനങ്ങള്‍ സ്വന്തം ഉത്തരവാദിത്വത്തില്‍ പാര്‍ക്കിംഗ് സൗകര്യം ഒരുക്കണം. 30നു മുമ്പ് വഴിയോര കച്ചവടക്കാരെ എല്ലാവരെയും ഒഴിപ്പിക്കും. ഇതിനുള്ള എല്ലാ തയാറെടുപ്പുകളും തദ്ദേശ സ്ഥാപനങ്ങള്‍ സ്വീകരിച്ചിട്ടുണ്ട്.
ഓഗസ്റ്റ് മുതല്‍ മൂന്നാറില്‍ എത്തുന്ന വലിയ വാഹനങ്ങളെ നിയന്ത്രിക്കുമെന്നും പഞ്ചായത്തധികൃതര്‍ അറിയിച്ചു. വലിയ വാഹനങ്ങള്‍ മൂന്നാറില്‍ പാര്‍ക്ക് ചെയ്യുകയും ജീപ്പ് ഉള്‍പ്പെടെയുള്ള ചെറുവാഹനങ്ങളില്‍ സഞ്ചാരികള്‍ വിനോദകേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുകയും ചെയ്യുന്ന പദ്ധതിയാണ് പഞ്ചായത്ത് വിഭാവനം ചെയ്യുന്നത്.
Tags : traffic congestion in Munna Nattuvishesham District News