പിടികൂടിയ ചരസ്.
നെടുമ്പാശേരി: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നെടുന്പാശേരിയിൽ നടത്തിയ പരിശോധനയിൽ അഞ്ച് കോടി രൂപയുടെ ലഹരിമരുന്നുമായി യുവാവ് പൊലിസിന്റെ പിടിയിലായി. കാസർഗോഡ് നീലീശ്വരം ചിറപ്പുറത്ത് വെള്ളിക്കോത്ത് മുഹമ്മദ് സിറാജുദ്ദീനെയാണ് (25) എറണാകുളം റൂറൽ ജില്ലാ ഡാൻസാഫും നെടുമ്പാശേരി പൊലിസും ചേർന്ന് അറസ്റ്റ് ചെയ്തത്.
മാരക ലഹരിമരുന്നായ രണ്ടര കിലോഗ്രാം ചരസാണ് പ്രതിയിൽ നിന്ന് പിടിച്ചെടുത്തത്. ജില്ലാ പൊലിസ് മേധാവി കെ.എസ്. സുദർശന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നെടുമ്പാശേരിയിലെ ഒരു ഹോട്ടലിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്.
ഡൽഹിയിൽ നിന്നാണ് ചരസ് വാങ്ങിയതെന്ന് ചോദ്യം ചെയ്യലിൽ ഇയാൾ പൊലിസിനോട് പറഞ്ഞു. അവിടെ നിന്ന് മംഗളൂരു വരെ വിമാനത്തിലാണ് യാത്ര ചെയ്തത്.
തുടർന്ന് ട്രെയിനിൽ തൃശൂരിൽ എത്തി. അവിടെ നിന്ന് ടാക്സിയിൽ നെടുമ്പാശേരിയിൽ എത്തി ഹോട്ടലിൽ മുറിയെടുക്കുകയായിരുന്നു. മയക്കുമരുന്ന് കൊച്ചി നഗരത്തിലേക്ക് കൊണ്ടുപോകാനായിരുന്നു ഇയാളുടെ പദ്ധതി.
ചെറിയ പായ്ക്കറ്റുകളാക്കിയാണ് ചരസ് സൂക്ഷിച്ചിരുന്നത്. കഞ്ചാവിന്റെ തളിരില കൊണ്ട് നിർമിച്ച അത്യധികം അപകടകാരിയായ ചരസാണ് പിടികൂടിയത്.
നേരത്തെയും പ്രതി മയക്കുമരുന്ന് കടത്തിയിട്ടുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം.
ജില്ലാ പൊലിസ് മേധാവി കെ.എസ്. സുദർശന്റെ നേതൃത്വത്തിൽ ഡാൻസാഫ് ടീം, നാർക്കോട്ടിക് സെൽ ഡിവൈഎസ്പി സി. ബിനുകുമാർ, ആലുവ ഡിവൈഎസ്പി ബൈജു പൗലോസ്, എസ്ഐമാരായ ടി.എസ്. അഭിജിത്, എ.സി. ബിജു, കെ.പി. വിജു എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
Tags : charas worth five crore Nattuvishesham DistrictNews