കൗൺസിൽ യോഗം ബഹിഷ്കരിച്ച എൽഡിഎഫ് അംഗങ്ങൾ നഗരസഭാ കവാടത്തിന് മുന്നിൽ പ്രതിഷേധ ധർണ നടത്തുന്നു.
പറവൂര്‍: പറവൂര്‍ നഗരസഭയുടെ ജനദ്രോഹ നടപടികള്‍ക്കെതിരെ പ്രതിഷേധവുമായി എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍. നഗരസഭാ അധ്യക്ഷന്‍ രമേഷ് ഡി. കുറുപ്പും യുഡിഎഫ് ഭരണ നേതൃത്വവും സ്വീകരിക്കുന്ന നിഷേധാത്മക നിലപാടുകളില്‍ പ്രതിഷേധിച്ച് കൗണ്‍സില്‍ യോഗം ബഹിഷ്കരിച്ച അംഗങ്ങള്‍ നഗരസഭാ കവാടത്തിന് മുന്നില്‍ ധര്‍ണ നടത്തി.
താലൂക്ക് ഗവ.ആശുപത്രിയിലെ ചികിത്സാ പിഴവ് മൂലം ഒരാള്‍ക്ക് കാല് മുറിച്ച് മാറ്റേണ്ടി വന്ന സംഭവത്തില്‍ കുറ്റക്കാരെ സംരക്ഷിക്കാന്‍ നഗരസഭാ അധ്യക്ഷനും ആരോഗ്യസ്ഥിരം സമിതി അധ്യക്ഷന്‍ ജോബി പഞ്ഞിക്കാരനും ഒത്തുകളിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് സി.എ. രാജീവ് പറഞ്ഞു. ആശുപത്രി സൂപ്രണ്ടിനെ സസ്പെന്‍ഡ് ചെയ്യുക, ചികിത്സയില്‍ അനാസ്ഥ കാട്ടിയ ഡോക്ടറുടെ മേല്‍ നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങളും എല്‍ഡിഎഫ് അംഗങ്ങള്‍ ഉന്നയിച്ചു.
കാല് മുറിച്ച് മാറ്റേണ്ടി വന്ന സംഭവത്തില്‍ യഥാര്‍ത്ഥ ചികിത്സാ രേഖകള്‍ തിരുത്താന്‍ നിര്‍ദേശം നല്കിയ രമേഷ് ഡി. കുറുപ്പിന്റേയും ജോബി പഞ്ഞിക്കാരന്റേയും പേരില്‍ കേസെടുത്ത് അന്വേഷണം നടത്തണമെന്നും എല്‍ഡിഎഫ് അംഗങ്ങള്‍ ആവശ്യമുന്നയിച്ചു.
തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് വേതന കുടിശിക വിതരണം ചെയ്യാത്തതും, ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി വിളിച്ചുചേര്‍ക്കാത്ത നടപടിയേയും എല്‍ഡിഎഫ് അംഗങ്ങള്‍ വിമര്‍ശിച്ചു.
Tags : council meeting. Nattuvishesham DistrictNews