നാട്ടുകാര്‍ ശുചീകരിച്ച ഫോർട്ടുകൊച്ചി കടൽത്തീരം കടലെടുത്തപ്പോള്‍.
മട്ടാഞ്ചേരി: കഴിഞ്ഞ രണ്ടു മാസക്കാലമായി നാട്ടുകാരുടെ കൂട്ടായ പരിശ്രമത്തിലൂടെ ശുചീകരിച്ച് മനോഹരമാക്കിയ ഫോർട്ടുകൊച്ചി സൗത്ത് കടപ്പുറത്തെ തീരം കടലെടുത്തു. കടൽക്ഷോഭത്തെ തുടർന്ന് തീരം ഇടിഞ്ഞതോടെ പ്രദേശം വീണ്ടും മാലിന്യം നിറഞ്ഞ് വൃത്തിഹീനമായ അവസ്ഥയിലായി. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇരിക്കാനും കളിക്കാനും സാധിക്കുന്ന തരത്തിൽ ബീച്ച് വൃത്തിയാക്കണമെന്ന ആശയം പ്രദേശവാസികളായ രാജേഷും നവീനുമാണ് ആദ്യം മുന്നോട്ടുവെച്ചത്.
തുടർന്ന് മറ്റുള്ളവരും ഈ ഉദ്യമത്തിൽ പങ്കാളികളാകുകയായിരുന്നു. ദിവസവും രണ്ടര മണിക്കൂറോളം ചെലവഴിച്ചാണ് ഇവർ കടപ്പുറം ശുചീകരിച്ചെടുത്തത്. തീരത്തേക്ക് മാലിന്യങ്ങൾ അടിയുന്നത് തടയാൻ വല കെട്ടി സംരക്ഷിക്കുകയും ചെയ്തിരുന്നു. ഇതോടെ കടപ്പുറം എപ്പോഴും വൃത്തിയായി നിലനിർത്താമെന്ന വലിയ പ്രതീക്ഷയിലായിരുന്നു നാട്ടുകാർ.
വേണുഗോപാൽ കെ. പൈ, സുനിൽകുമാർ, ജോൺസൺ, ബാബു, പ്രേമൻ, സലാം എന്നിവരുടെ നേതൃത്വത്തിലുള്ള ശുചീകരണ സംഘത്തോടൊപ്പം വിദേശ വിനോദസഞ്ചാരിയായ എറിക്കും കൈകോർത്തത് നേരത്തെ വലിയ വാർത്തയായിരുന്നു.
ഏറെ കഷ്ടപ്പെട്ട് രൂപപ്പെടുത്തിയെടുത്ത തീരം കൺമുന്നിൽ കടലെടുത്തതിന്റെ കടുത്ത നിരാശയിലാണ് ഈ കൂട്ടായ്മയും ഒപ്പം എത്തുന്ന വിനോദസഞ്ചാരികളും.
Tags : Fort Kochi beach Nattuvishesham DistrictNews