കൊച്ചി: കേരള ഫുട്ബോളിന്റെ പഴയകാല പ്രതാപവും വിസ്മരിക്കാനാകാത്ത ചരിത്രനിമിഷങ്ങളും അപൂര്‍വ ചിത്രങ്ങളിലൂടെ പുനരാവിഷ്കരിക്കുന്ന ഫ്രെയിംസ് ഓഫ് ഗ്ലോറി ദ കേരള ഫുട്ബോള്‍ സ്റ്റോറി ചിത്രപ്രദര്‍ശനം എറണാകുളം ദര്‍ബാര്‍ ഹാളില്‍ ശ്രദ്ധേയമാകുന്നു. കല്ലറക്കല്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ ഫൗണ്ടേഷന് ഡയറക്ടര്‍ സ്റ്റീഫന്‍ ആന്റണി കല്ലറക്കലാണ് പ്രദര്‍ശനം സംഘടിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ മൂന്നുവര്‍ഷമായി കേരളത്തിലുടനീളം സഞ്ചരിച്ച് സന്തോഷ് ട്രോഫി താരങ്ങള്‍ ഉള്‍പ്പടെയുള്ള ഇന്ത്യന്‍ ഫുട്ബോള്‍ രംഗത്തെ പ്രമുഖ കളിക്കാരെയും ഫുട്ബോള്‍ പ്രതിഭകളെയും നേരില്‍ കണ്ട് അവരുടെ അനുഭവങ്ങളും ഓര്‍മകളും ശേഖരിച്ച് നടത്തിയ അന്വേഷണത്തിന്റെ ദൃശ്യസാക്ഷ്യങ്ങളാണു പ്രദര്‍ശനത്തിന്റെ പ്രധാന ആകര്‍ഷണം.
1973ലെ കേരള ഫുട്ബോള്‍ ടീമിന്റെ വിജയനിമിഷങ്ങള്‍, പ്രമുഖ താരങ്ങളുടെ നേട്ടങ്ങള്‍, ദേശീയതലത്തില്‍ കേരളത്തിന്റെ അഭിമാനമുയര്‍ത്തിയ ഫുട്ബോള്‍ പ്രതിഭകള്‍, ചരിത്രപ്രധാനമായ മത്സരങ്ങള്‍ തുടങ്ങി നിരവധി ഓര്‍മച്ചിത്രങ്ങള്‍ പ്രദര്‍ശനത്തിലുണ്ട്. ഒളിമ്പ്യന്മാരായ സൈമണ്‍ സുന്ദര്‍രാജ്, ഒ. ചന്ദ്രശേഖരന്, അബ്ദുറഹിമാന് തുടങ്ങിയ ഫുട്ബോള്‍ ഇതിഹാസങ്ങളുടെയും ഇന്ത്യന്‍ താരങ്ങളായ വിക്ടര്‍ മഞ്ഞില, സി.സി. ജേക്കബ്, സേതുമാധവന്, എം.എം. ജേക്കബ്, കെ.ടി. ചാക്കോ , ഇട്ടി മാത്യു തുടങ്ങിയവരുടെയും ജീവിതത്തിലെ നിര്‍ണായക മുഹൂര്‍ത്തങ്ങളും ചിത്രങ്ങളിലൂടെ സന്ദര്ശകരിലേക്കെത്തുന്നു. പ്രദര്‍ശനം ഇന്നു വൈകീട്ട് സമാപിക്കും.
Tags : historical memories from the world of football. Nattuvishesham DistrictNews