കാഞ്ഞങ്ങാട്: പശ്ചിമഘട്ട മേഖലയുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ കൊണ്ടുവന്ന പരിസ്ഥിതിലോല മേഖല (ഇഎസ്ഐ) കരട് വിജ്ഞാപനം മലയോര ജനതയുടെ ആശങ്കകൾ അവഗണിച്ചുകൊണ്ടുള്ളതാണെന്ന് കർഷക കോൺഗ്രസ് ജില്ലാ കമ്മിറ്റി ആരോപിച്ചു.
കേരളത്തിലെ 9,993.7 ചതുരശ്ര കിലോമീറ്റർ ഭൂമിയും 131 വില്ലേജുകളിലായി താമസിക്കുന്ന 2.19 ലക്ഷം ജനങ്ങളെയും ഇഎസ്ഐ പരിധിയിൽ ഉൾപ്പെടുത്തിയത് ജനവാസ മേഖലകളെയും കാർഷികമേഖലയെയും പ്രതിസന്ധിയിലാക്കുന്നതാണ്. യാഥാർത്ഥ്യങ്ങൾ പരിഗണിക്കാതെ ഉപഗ്രഹ മാപ്പിംഗ് മാത്രം അടിസ്ഥാനമാക്കിയാണ് റിപ്പോർട്ട് തയാറാക്കിയത്. റിപ്പോർട്ടിലെ നിർദേശങ്ങൾ നടപ്പിലാക്കിയാൽ അത് ഈ മേഖലകളിലെ അടിസ്ഥാനസൗകര്യ വികസനം, ആരോഗ്യമേഖലയിലെ പ്രവർത്തനങ്ങൾ, വീടുകൾ, എന്നിവയെയെല്ലാം ബാധിക്കും. ഈ വിജ്ഞാപനം അടിയന്തിരമായി റദ്ദാക്കണമെന്നും കർഷകരുടെ ഉപജീവനവും അവകാശങ്ങളും സംരക്ഷിക്കണമെന്നും ജനവാസ മേഖലകളെയും കാർഷികമേഖലയെയും ഇഎസ്ഐ പരിധിയിൽ നിന്നൊഴിവാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ലാതല കർഷക ദിനാചരണം ചിങ്ങം ഒന്നിന് വെള്ളരിക്കുണ്ടിൽ സംഘടിപ്പിക്കാൻ തീരുമാനിച്ചു.
ജില്ലാ പ്രസിഡന്റ് രാജു കട്ടക്കയം അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി സോജൻ കുന്നേൽ, പ്രഫ. അശോക് ഹെഗ്ഡെ, ഡോ. ടിറ്റോ ജോസഫ്, അനിൽ വാഴുന്നോറടി, ഇ. വേണുഗോപാലൻ, സി.വി. ബാലകൃഷ്ണൻ, പി. ബാലകൃഷ്ണൻ, കേളു മണിയാണി, പദ്മകുമാർ പെരിയ, പി.എ. ഇബ്രാഹിം, എം.ഡി. ഷിനു എന്നിവർ പ്രസംഗിച്ചു.
Tags : Nattuvishesham Districtnews ESI draft