കൽപ്പറ്റ: കർഷക കടാശ്വാസ കമ്മീഷൻ നിർദേശിച്ച വിഹിതം അടച്ചിട്ടും ഇടപാടുകാർക്ക് ആധാരം തിരികെ നൽകാതെ വയനാട്ടിലെ സഹകരണ ബാങ്കുകൾ. ജില്ലയിൽ വിവിധ സഹകരണ ബാങ്കുകളിൽ ഭൂമി പണയപ്പെടുത്തി വായ്പയെടുത്തതിൽ 3,000ൽ അധികം കർഷകർക്കാണ് വിഹിതം അടച്ചിട്ടും ആധാരങ്ങൾ തിരികെ കിട്ടാത്തത്. എട്ടുവർഷം മുന്‍പുവരെ വിഹിതം അടച്ചവരും ഇക്കൂട്ടത്തിലുണ്ട്.
കടാശ്വാസ കമ്മീഷൻ സർക്കാർ വിഹിതമായി നിർദേശിച്ച തുക ലഭിച്ചതിനുശേഷമേ കർഷകർക്ക് ആധാരം തിരികെ നൽകൂ എന്ന നിലപാടിലാണ് ബാങ്കുകൾ. ആധാരങ്ങൾ തിരികെ ലഭിച്ചവർക്ക് ബാങ്കുകൾ വസ്തു ഒഴിമുറി ചെയ്തു കൊടുക്കാത്ത സ്ഥിതിയുമുണ്ട്. ഇതുമൂലം ഭൂമി അവകാശികൾക്ക് നിയമപരമായി കൈമാറാനും വിവാഹം, ചികിത്സ ഉൾപ്പെടെ അടിയന്തരാവശ്യങ്ങൾക്ക് വസ്തു പണയപ്പെടുത്തി പുതിയ കടം എടുക്കാനും കഴിയാതെ ബുദ്ധിമുട്ടുകയാണ്.
കാർഷികത്തകർച്ച ഉൾപ്പെടെ കാരണങ്ങളാൽ തിരിച്ചടവുശേഷിയിൽ ഗണ്യമായ കുറവുണ്ടായതുമൂലം സഹകരണ ബാങ്കുകളിലെ കടങ്ങൾ കുടിശികയായവരാണ് ഇളവിന് കർഷക കടാശ്വാസ കമ്മീഷനെ സമീപിക്കുന്നത്. കുടിശികയുടെ 50 ശതമാനമോ രണ്ട് ലക്ഷം രൂപ വരെയോയാണ് കമ്മീഷൻ കടാശ്വാസമായി അനുവദിക്കുന്നത്. ബാധ്യത തീർക്കുന്നതിന് കർഷക വിഹിതമായി കമ്മീഷൻ നിശ്ചയിക്കുന്നതിനു തുല്യമായ തുകയാണ് സർക്കാർ വിഹിതം. കർഷകർ വിഹിതം അടയ്ക്കുന്ന മുറയ്ക്ക് ബാങ്കുകൾ ആധാരം തിരികെ നൽകണമെന്നാണ് വ്യവസ്ഥ. എന്നാൽ ബാങ്കുകൾ ഇതിന് തയാറാകുന്നില്ല.
സർക്കാർ വിഹിതവും എത്തിയശേഷമേ ആധാരങ്ങൾ തിരികെ നൽകൂവെന്ന് വാശിപിടിക്കുകയാണ് ബാങ്ക് അധികൃതർ. സർക്കാരാകട്ടെ കടാശ്വാസ കമ്മീഷൻ അവാർഡ് പ്രകാരമുള്ള തുക സമയബന്ധിതമായി ബാങ്കുകൾക്ക് ലഭ്യമാക്കുന്നില്ല. കർഷകർ സഹകരണ ബാങ്കുകളിൽനിന്നെടുത്ത വായ്പകൾക്ക് മാത്രമാണ് 2006ലെ കേരള കർഷക കടാശ്വാസ കമ്മീഷൻ നിയമം ബാധകം.
വിഹിതം അടച്ച കർഷകർക്ക് ആധാരം തിരികെ നൽകാൻ വിസമ്മതിക്കുന്ന സഹകരണ ബാങ്കുകൾ മറുവശത്ത് വായ്പ കുടിശികയുടെ പേരിൽ റിക്കവറി നടപടികളുമായി മുന്നോട്ടുപോകുകയാണ്. വായ്പ കുടിശികയുള്ളവരുടെ ഭൂമി ബാങ്ക് ജീവനക്കാർ അളന്നുതിരിക്കുന്നതും വീട്ടിൽനിന്നു ഇറക്കിവിടുമെന്ന് ഭീഷണിപ്പെടുത്തുന്നതും ഒറ്റപ്പെട്ട സംഭവമല്ലാതായി.
റിക്കവറി നടപടികൾ നിർത്തിവയ്ക്കണമെന്നും കടാശ്വാസ കമ്മീഷൻ നിർദേശിച്ച വിഹിതം അടച്ച കർഷകർക്ക് ആധാരം തിരികെ നൽകണമെന്നും ആവശ്യപ്പെട്ട് കർഷക പ്രസ്ഥാനങ്ങളായ ഫാർമേഴ്സ് റിലീഫ് ഫോറവും ഹരിതസേനയും സംയുക്ത പ്രക്ഷോഭത്തിനുള്ള ഒരുക്കത്തിലാണ്. ഒന്‍പതിന് കൽപ്പറ്റയിൽ കാർഷിക വികസന ബാങ്ക് ശാഖയ്ക്കുമുന്പിൽ ധർണ നടത്തുമെന്ന് ഫാർമേഴ്സ് റിലീഫ് ഫോറം സംസ്ഥാന വർക്കിംഗ് ചെയർമാൻ എ.സി. തോമസ്, ജില്ലാ കണ്‍വീനർ എ.എൻ. മുകുന്ദൻ, സംസ്ഥാന ട്രഷറർ ടി. ഇബ്രായി,
ജില്ലാ സെക്രട്ടറി ഒ.ആർ. വിജയൻ, ഹരിതസേന ജില്ലാ പ്രസിഡന്റ് എം. സുരേന്ദ്രൻ, കോ ഓർഡിനേറ്റർ പി.എൻ. സുധാകരസ്വാമി, ജോയിന്റ് സെക്രട്ടറി പി. സന്തോഷ് റിപ്പണ്‍ എന്നിവർ അറിയിച്ചു. ചുങ്കം ജംഗ്ഷൻ പരിസരത്തുനിന്ന് പ്രകടനമായി എത്തിയാണ് ബാങ്കിനു മുന്പിൽ സമരം ചെയ്യുക.
Tags : Local News Nattuvishesham Wayanad