മലയാലപ്പുഴ മുക്കുഴി ഭാഗത്തെ ജനവാസ മേഖലയിൽ ഇന്നലെ രാവിലെ കണ്ട കാട്ടാനകൾ.
പത്തനംതിട്ട: മലയാലപ്പുഴ പുതുക്കുളം, മുക്കുഴി ഭാഗത്ത് കാടിറങ്ങിയ കാട്ടാനക്കൂട്ടം കാർഷിക വിളകൾ നശിപ്പിച്ചു. കഴിഞ്ഞ രാത്രി കാടിറങ്ങിയ രണ്ട് കൊന്പനും പിടിയാനയും ഉൾപ്പെടുന്ന സംഘം ഇന്നലെ നേരം പുലർന്നിട്ടും ജനവാസ മേഖലകളിൽ തങ്ങുകയായിരുന്നു. രാവിലെ സ്കൂളുകളിലേക്ക് പോകാൻ കുട്ടികളും അവർക്കൊപ്പം രക്ഷിതാക്കളും ഇറങ്ങിയപ്പോഴും കാട്ടാനകൾ കൃഷിയിടങ്ങളിലുണ്ടായിരുന്നു.
ഇന്നലെ രാവിലെ ഏഴിന് മുക്കുഴി വട്ടത്തറ ഭാഗത്ത് മൂന്ന് കാട്ടാനകൾ റോഡിലൂടെ നടക്കുന്നതാണ് നാട്ടുകാർ കാണുന്നത്. ജനവാസ മേഖലയിലെ കൃഷിയിടങ്ങളിൽ ഇറങ്ങിയ കാട്ടാനകൾ റോഡിലേക്ക് എത്തുകയായിരുന്നു. മുക്കുഴി വട്ടത്തറ ഗവ. എൽപി സ്കൂളിന് സമീപമാണ് രാവിലെ കാട്ടാനകൾ റോഡിൽ ഇറങ്ങിയത്.
രാത്രിയിൽ കാടിറങ്ങിയ കാട്ടാനക്കൂട്ടം സമീപത്തെ കൃഷിയിടങ്ങളിൽ കയറിയ കാട്ടാനകൾ തെങ്ങ് ഉൾപ്പെടെയുള്ളവ നശിപ്പിച്ചു. തുന്പിക്കൈ എത്തുന്ന ദൂരത്തെ മുഴുവൻ ചക്കകളും പറിച്ചു. ചക്ക ഉൾപ്പെടെയുള്ളവ തേടിയാണ് ആനകൾ കൃഷിയിടങ്ങളിൽ തങ്ങിയത്. പ്രദേശവാസികൾ ബഹളം കൂട്ടി ആനയെ ഓടിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ചിന്നം വിളിച്ച് ഇവ പ്രദേശത്തു തന്നെ ഏറെ ദൂരം തങ്ങുകയായിരുന്നു.
കാട്ടാനകളെ കണ്ടതോടെ നാട്ടുകാർ ഉച്ചത്തിൽ വിളിച്ചുപറഞ്ഞ് സമീപവാസികളെയും കൃഷിയിടങ്ങളിൽ പണിയെടുക്കുന്നവരെയും അറിയിക്കുകയായിരുന്നു. സമീപത്തെ റബർ തോട്ടങ്ങളിൽ രാവിലെ ടാപ്പിംഗിനായി ന് ഇറങ്ങിയവരും ഇതോടെ ഭയന്ന് ഓടി വീടുകളിൽ കയറി അഭയം പ്രാപിക്കുകയായിരുന്നു. പ്രദേശത്തെ കൊച്ചുകുട്ടികൾ നടന്ന് വട്ടത്തറ ഗവ. എൽപി സ്കൂളിലേക്ക് പോകുന്ന പഞ്ചായത്ത് റോഡിലാണ് കാട്ടാനകൾ ഇറങ്ങിയത്.
പ്രദേശത്ത് ആറോളം കാട്ടാനകളുടെ സാന്നിധ്യം പതിവാണെന്ന് നാട്ടുകാർ പറയുന്നു. റാന്നി വനം ഡിവിഷനിലെ വടശേരിക്കര റേഞ്ചിൽപെട്ട വനമേഖലയിൽ നിന്നാണ് കല്ലാർ മുറിച്ചു കടന്ന് കാട്ടാനകൾ ജനവാസ മേഖലയിലേക്ക് കടക്കുന്നത്. സ്കൂളിന് സമീപത്തെ റോഡിലൂടെ കാട്ടാനകൾ എത്തിയതോടെ വിദ്യാർഥികളും രക്ഷിതാക്കളും അധ്യാപകരും ആശങ്കയിലാണ്.
പ്രദേശത്തെ ജനങ്ങൾ ദിവസവും ജില്ലാ ആസ്ഥാനമായ പത്തനംതിട്ടയിലേക്കും, മലയാലപ്പുഴയിലേക്കും, കോന്നിയിലേക്കും വടശേരിക്കര, റാന്നി ഭാഗങ്ങളിലേക്കും പോകുന്ന റോഡിലാണ് പകലും കാട്ടാനകളെ കണ്ടത്. ഇതുവരെ ജനവാസമേഖലയിലെ കൃഷിയിടങ്ങളിൽ ഇറങ്ങിയിരുന്ന കാടടനകൾ ആദ്യമായാണ് റോഡിലൂടെ നടന്നു പോകുന്നത് നാട്ടുകാർ കാണുന്നത്. മുക്കുഴിയിൽ കാട്ടാനശല്യം വർധിച്ചതിനേ തുടർന്ന് രണ്ടുവർഷം മുമ്പ് വനം വകുപ്പ് ഇവിടെ ക്യാമ്പ് ഷെഡ് തുടങ്ങിയിരുന്നു. സമീപത്തെ ഹാരിസൺ മലയാളം പ്ലാന്റേഷന്റെ കുമ്പഴ എസ്റ്റേറ്റിലും കാട്ടാനകൾ പതിവായി എത്തുന്നുണ്ട്.
കഴിഞ്ഞ കുറെ ദിവസങ്ങളായി ഈ പ്രദേശത്ത് ആനകളുടെ ശല്യം രൂക്ഷമാണ്. നേരം പുലർന്നാലും ആന മടങ്ങാത്തതാണ് പ്രദേശവാസികളെ ഭീതിയിലാഴ്ത്തുന്നത്. ടാപ്പിംഗിന് അടക്കം ഇറങ്ങുന്നവർക്ക് ആന ഭീഷണിയാണ്. രാവിലെ സമയങ്ങളിൽ മഴയും ഉള്ളതിനാൽ ആന അടുത്തെത്തുന്പോൾ മാത്രമാകും കാണാനാകുക. ഇരുചക്ര വാഹന യാത്രക്കാർ ഉൾപ്പെടെ ആനയെ ഭയന്നാണ് ഇറങ്ങുന്നത്. കുട്ടികളെ സ്കൂളുകളിലേക്ക് അയയ്ക്കാനും കൃഷിയിടങ്ങളിൽ ഇറങ്ങാനുമൊക്കെ ആളുകൾക്ക് ഭയമാണ്.
താവളപ്പാറയിലും കാട്ടാനശല്യം
കോന്നി: താവളപ്പാറയിൽ കാട്ടാനശല്യം വർധിച്ചു. കഴിഞ്ഞദിവസം രാത്രിയിൽ താവളപ്പാറയിലെ ജനവാസ മേഖലകളിൽ ഇറങ്ങിയ കാട്ടാന വ്യാപകമായി കാർഷിക വിളകൾ നശിപ്പിച്ചു. സമീപപ്രദേശങ്ങളായ പയ്യനാമൺ, പെരിഞ്ഞോട്ടക്കൽ, കാക്കര അടുകാട്, ആവോലിക്കുഴി, അതുബുംകുളം തുടങ്ങിയ പ്രദേശങ്ങളിലും കാട്ടാനശല്യം പതിവാണ്. പ്രദേശത്തെ ജനങ്ങൾ സ്വന്തം സ്ഥലത്തും പാട്ടത്തിൽ എടുത്ത സ്ഥലത്തും കൃഷി ചെയ്യുന്ന കാർഷിക വിളകളാണ് കാട്ടാനകൾ വ്യാപകമായി നശിപ്പിക്കുന്നത്. വനാതിർത്തിലെ സൗരോർജവേലികൾ തകർന്ന നിലയിലാണ്. കോന്നി വനം ഡിവിഷനോട് ചേർന്ന് ജനവാസ മേഖലകളാണ് ഇത്.
കഴിഞ്ഞദിവസം ഇറങ്ങിയ കാട്ടാനകൾ താവളപ്പാറ പുത്തൻവീട്ടിൽ, പി.എം ജോർജ്, പമ്പഴ പാപ്പച്ചൻ, പമ്പഴ, തോമസ് കുട്ടി കൊല്ലറകുഴിയിൽ, തങ്കച്ചൻ കൊല്ലറകുഴിയിൽ, മോനച്ചൻ, ചരുവിൽ സോളമൻ എന്നിവരുടെ കൃഷിയിടത്തിൽ ഇറങ്ങി, കാർഷികവിളകൾ വ്യാപകമായി നശിപ്പിച്ചു.
അതുമ്പുംകുളം, പെരിഞ്ഞൊട്ടയ്ക്കൽ, താവളപ്പാറ, പയ്യനാമൺ പ്രദേശങ്ങളിൽ കഴിഞ്ഞ കുറച്ച് ദിവസമായി കാട്ടാന ജനവാസ മേഖലയിൽ ഭീതി പടർത്തുകയാണ്. കർഷകരുടെ തെങ്ങ്, വാഴ തുടങ്ങിയ കാർഷിക വിളകൾ പൂർണമായും നശിപ്പിച്ചു. കഴിഞ്ഞ ദിവസം താവളപ്പാറ പ്രദേശത്ത് കാട്ടാന ഭീതി പടർത്തി എത്തിയത് വീടുകൾക്ക് തൊട്ടരികിലുമാണ്.
ആക്ഷൻ കൗൺസിൽ ഡിഎഫ് ഓഫീസ് മാർച്ച് നടത്തി
കോന്നി: കോന്നി മേഖലയിലെ താവളപ്പാറ, ആവോലിക്കുഴി, കുളത്തുമൺ മേഖലകളിലെ അതിരൂക്ഷ വന്യമൃഗ ശല്യം നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് ആക്ഷൻ കൗൺസിൽ നേതൃത്വത്തിൽ കോന്നി വനം ഡിവിഷൻ ഓഫീസിലേക്ക് മാർച്ച് നടത്തി. സിപിഎം സംസ്ഥാന കമ്മിറ്റിയംഗം കെ.പി. ഉദയഭാനു ഉദ്ഘാടനം ചെയ്തു. സുനിൽ ആവോലിക്കുഴി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടേറിയറ്റംഗം പി.ജെ. അജയകുമാർ, ശ്യാംലാൽ, ആർ. ഗോവിന്ദ് എന്നിവർ പ്രസംഗിച്ചു.
കൃഷിയിടത്തിൽ ആന ചരിഞ്ഞ കേസിൽ മുൻകൂർ ജാമ്യം അനുവദിച്ചു
പത്തനംതിട്ട: കൃഷിയിടത്തിൽ കാട്ടാന ചരിഞ്ഞ സംഭവത്തിൽ വസ്തു ഉടമയ്ക്ക് മുൻകൂർ ജാമ്യം. കഴിഞ്ഞ മേയ് 30ന് കോന്നി ആവോലിക്കഴിയിൽ കാട്ടാന വൈദ്യുതാഘാതമേറ്റ് ചരിഞ്ഞ സംഭവത്തിലാണ് വസ്തു ഉടമ സന്തോഷിന് പത്തനംതിട്ട ജില്ലാ സെഷൻസ് കോടതി ജാമ്യം അനുവദിച്ചത്. സംഭവത്തേ തുടർന്ന് സന്തോഷിനെതിരേ വനംവകുപ്പ് കേസെടുത്തിരുന്നു. ജനവാസ മേഖലയിലാണ് കാട്ടാന ചരിഞ്ഞതെന്ന് കോടതി മുൻകൂർ ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിലും വ്യക്തമാക്കിയിട്ടുണ്ട്.
വനാതിർത്തിക്ക് പുറത്താണ് ആന ചരിഞ്ഞതെന്നും വനംനിയമം ബാധകമാകില്ലെന്നും ഹർജിക്കാരൻ വാദിച്ചിരുന്നു. അഭിഭാഷകനായ ജോണി കെ. ജോർജ് മുഖേന സമർപ്പിച്ച ഹർജിയിലാണ് ജാമ്യം അനുവദിച്ചത്.
Tags : Local News Nattuvishesham Pathanamthitta