നേമം: നഗരസഭ നേമം മേഖലയിലും സമീപ പഞ്ചായത്തുകളിലും പനി പടരുന്നു. കഴിഞ്ഞ മൂന്നാഴ്ചയിലേറെയായി നേമം സർക്കാർ ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും പനി ബാധിച്ച് എത്തുന്നവരുടെ എണ്ണം കൂടി.
മഴക്കാലമായതോടെ വിവിധയിനം പനികളാണ് വ്യാപകമായിരിക്കുന്നത്. വൈറൽ പനി, ജലദോഷപ്പനി , ഡെങ്കിപ്പനി, എലിപ്പനി, എച്ച് 1 എൻ 1 എന്നിവയാണ് വ്യാപകമായിരിക്കുന്നത്. ഒരുതവണ പനിവന്നു മാറിയവർക്കു വീണ്ടും പനി വരുന്നതായി പറയപ്പെടുന്നു.
നേമം ശാന്തിവിള സർക്കാർ ആശുപത്രിയിൽ ദിവസവും നാനൂറു മുതൽ അഞ്ഞൂറിലധികം പേരാണ് ദിവസവും ഒപിയിൽ എത്തുന്നത്.
നേമം ആശുപത്രിക്കു താലൂക്ക് പദവി ഉണ്ടെങ്കിലും വേണ്ടുന്ന സൗകര്യങ്ങളില്ല. ഡോക്ടർന്മാരുടെയും മറ്റു സ്റ്റാഫുകളുടെയും കുറവ് പരിഹരിക്കാൻ ഇതുവരേയും അധികൃതർക്ക് കഴിഞ്ഞിട്ടില്ലെന്നും ആ ക്ഷേപമുയരുന്നുണ്ട്. കിടത്തി ചികിത്സിക്കാൻ ഇവിടെ ഇരുപതോളം കിടക്കകൾ മാത്രമാണുള്ളത്. പുതിയ കെട്ടിടത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ നടന്നു വരുകയാണ്.
കെട്ടിടവും പുതിയ സൗകര്യങ്ങളും വന്നാൽ മാത്രമേ ഇവിടെത്തെ പ്രശ്നങ്ങൾ കുറച്ചെങ്കിലും പരിഹരിക്കാൻ കഴിയൂ. നഗരസഭ മേഖലയിൽ കരുമം, പാപ്പനംകോട്, മേലാംങ്കോട്, പൊന്നുമംഗലം, നേമം, എസ്റ്റേറ്റ് തുടങ്ങിയ വാർഡുകളിലെ ആളുകളും പള്ളിച്ചൽ, കല്ലിയൂർ, വിളവൂർക്കൽ തുടങ്ങിയ പഞ്ചായത്തുകളിൽ നിന്നുമുള്ളവരാണ് ഇവിടെ ചികിത്സയ്ക്ക് എത്തുന്നത്.
പനി വ്യാപകമായതോടെ സ്കൂളുകളിൽ ഹാജർ നില പകുതിയായി കുറഞ്ഞിട്ടുണ്ട്. പനി മാറിയവർക്കു രുചിക്കുറവും വീണ്ടും പനിവരുന്നത് കൂടുതൽ ബുദ്ധിമുട്ടുകളുണ്ടാക്കുന്നു.