പെരുവണ്ണാമൂഴി - ചെമ്പനോട റോഡിന്റെ ഭാഗമായ ഓനിപ്പുഴപ്പാലം കഴിഞ്ഞ ദിവസമുണ്ടായ പ്രളയത്തിൽ മുങ്ങിയ നിലയിൽ.
പെരുവണ്ണാമൂഴി: ചക്കിട്ടപാറ പഞ്ചായത്തിലെ ഓനിപ്പുഴപ്പാലം ഉയർത്തി പുനർ നിർമിക്കണമെന്ന ആവശ്യം ശക്തമാവുന്നു. പെരുവണ്ണാമൂഴി - ചെമ്പനോട - പൂഴിത്തോട് റോഡിന്റെ ഭാഗമാണ് ഈ പാലം. മഴക്കാലത്ത് പുഴയിൽ ഉയരുന്ന ജലനിരപ്പിന്റെ തോത് കണക്കാക്കാതെ പണിതതിനാൽ ഓരോ പ്രളയ കാലത്തും ഇവിടെ പാലം മുങ്ങി ദിവസങ്ങളോളം ഗതാഗത തടസപ്പെടാറുണ്ട്. ഇക്കുറിയും ഇത് ആവർത്തിച്ചു.
ദീർഘദൂര കെഎസ്ആർടിസി ബസുകൾ ഉൾപ്പടെ നിരവധി വാഹനങ്ങളാണ് ഈ റൂട്ടിൽ സഞ്ചരിക്കുന്നത്. തിരക്ക് വർധിച്ച ഉള്ള്യേരി- പേരാമ്പ്ര- കുറ്റ്യാടി -വയനാട് സംസ്ഥാന പാതക്ക് സമാന്തരമായി ഒട്ടേറെ യാത്രക്കാർ ബാലുശേരി- കൂരാച്ചുണ്ട് -ചക്കിട്ടപാറ- പെരുവണ്ണാമൂഴി- ചെമ്പനോട -മരുതോങ്കര -തൊട്ടിൽപ്പാലം -വയനാട് റൂട്ടിനെ ആശ്രയിക്കുന്നുണ്ട്. നിർദ്ദിഷ്ട പൂഴിത്തോട് പടിഞ്ഞാറത്തറ വയനാട് ബദൽ റോഡിന്റെ ഭാഗം കൂടിയാണ് ഓനിപ്പുഴപ്പാലം. പാലം ഉയരത്തിൽ പുതുക്കിപ്പണിയാൻ ജനപ്രതിനിധികളും രാഷ്ട്രീയ നേതൃത്വവും ഇടപെടണമെന്നാണ് നട്ടുരുടെയും യാത്രക്കാരുടെയും ആവശ്യം.
Tags : Nattuvishesham DistrictNews DeepikaNews Flood: Demand