ജോയി കൊന്നക്കൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുന്നു.
ശ്രീകണ്ഠപുരം: തെരഞ്ഞെടുപ്പ് സമയത്ത് ക്ഷേമപെൻഷൻ 3000 രൂപയാക്കി ഉയർത്തുമെന്ന വാഗ്ദാനം യുഡിഎഫ് സർക്കാർ മറക്കുകയാണെന്ന് കേരള കോൺഗ്രസ്-എം ജില്ലാ പ്രസിഡന്റ് ജോയി കൊന്നക്കൽ. കേരള കോൺഗ്രസ്-എം ഇരിക്കൂർ നിയോജക മണ്ഡലം എക്സിക്യൂട്ടീവ് കമ്മിറ്റിയോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നിയോജകമണ്ഡലം പ്രസിഡന്റ് ബിജു പുതുക്കള്ളി അധ്യക്ഷത വഹിച്ചു. മുമ്പ് സഹകരണ ബാങ്കുകൾ വഴി കിടപ്പുരോഗികളല്ലാത്ത സാധാരണക്കാരായ വയോധികരുടെയും പാവപ്പെട്ടവരുടെയും വീടുകളിൽ പെൻഷൻ തുക നേരിട്ടെത്തിക്കുന്ന രീതി അവസാനിപ്പിക്കുന്നത് ബാങ്കിംഗ് പരിജ്ഞാനമില്ലാത്തവരെ ദുരിതത്തിലാക്കുമെന്ന് യോഗം അഭിപ്രായപ്പെട്ടു. സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള നടപടികളുടെ പ്രത്യാഘാതം പാവപ്പെട്ട പെൻഷൻകാരെയാണ് ബാധിച്ചിരിക്കുന്നത്.
35 വയസിന് മുകളിലുള്ള സ്ത്രീകൾക്ക് നൽകുമെന്ന് പ്രഖ്യാപിച്ച 1,000 രൂപയുടെ പ്രതിമാസ ആനുകൂല്യമായ 'സ്ത്രീ സുരക്ഷാ പെൻഷനും', പ്ലസ് ടുവോ അതിനുമുകളിലോ വിദ്യാഭ്യാസ യോഗ്യതയുള്ളവരും ഉന്നതപഠനത്തിനോ മത്സരപരീക്ഷകൾക്കോ സ്കിൽ പരിശീലനങ്ങൾക്കോ തയാറെടുക്കുന്നവരുമായ 18 മുതൽ 30 വയസു വരെയുള്ള ഉദ്യോഗാർഥികൾക്ക് പ്രതിമാസം ആയിരം രൂപ വീതം നൽകുന്ന പദ്ധതിയും യുഡിഎഫ് സർക്കാർ തടഞ്ഞുവെച്ചിരിക്കുകയാണെന്ന് യോഗം കുറ്റപ്പെടുത്തി. സംസ്ഥാന ജനറൽ സെക്രട്ടറി സജി കുറ്റ്യാനിമറ്റം മുഖ്യപ്രഭാഷണം നടത്തി. കെ.ടി. സുരേഷ് കുമാർ, വി.വി. സേവി, ബിനു ഇലവുങ്കൽ, സിബി പന്തപ്പാട്ട്, സണ്ണി മുക്കുഴി, പി.പി. രാഘവൻ എന്നിവർ പ്രസംഗിച്ചു.
Tags : Nattuvishesham Districtnews Government