കൊല്ലം: ദേശീയപാത 66ൽ കൊട്ടിയത്തെ ഉയരപ്പാത നിർമാണത്തിലുണ്ടായ അപാകത പരിഹരിക്കണമെന്ന സംയുക്ത സമരസമിതികളുടെ ആവശ്യത്തിൽ സംസ്ഥാന സർക്കാർ ഇടപെടുന്നു. ഇതിന്റെ ഭാഗമായി വിവിധ സമര സമിതി ഭാരവാഹികളുമായി ജില്ലയുടെ ചുമതലയുള്ള മന്ത്രി കെ.എൻ. ബാലഗോപാൽ ചർച്ച നടത്തി.
ചർച്ചയുടെ ഭാഗമായി 10ന് ശേഷം എൻഎച്ച്എഐയുടെ ഉന്നത ഉദ്യോഗസ്ഥർ, വിദഗ്ധർ, പ്രോജക്ട് ഡയറക്ടർ എന്നിവരെ പങ്കെടുപ്പിച്ചുകൊണ്ട് സമരസമിതിക്കാരുടെയും ജനപ്രതിനിധികളുടെയും യോഗം കളക്ടർ വിളിച്ചുചേർക്കുമെന്ന് ചർച്ചയ്ക്കുശേഷം മന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു.
അതുവരെ കൊട്ടിയം മുതൽ പറക്കുളം വരെ അടിപ്പാതയോട് ചേർന്നുള്ള ഉയരപ്പാതയുടെ ആർഇ വാളിൽ രൂപപ്പെട്ടിട്ടുള്ള വിള്ളലുകളുടെ അറ്റകുറ്റ പണി നിർത്തിവയ്ക്കാൻ ബന്ധപ്പെട്ടവർക്ക് കളക്ടർ നിർദേശം നൽകും.
എം. നൗഷാദ് എംഎൽഎ, കളക്ടർ എൻ.ദേവിദാസ് എന്നിവരും മന്ത്രിക്ക് ഒപ്പമുണ്ടായിരുന്നു. അയത്തിൽ, ഉമയനല്ലൂർ, കൊട്ടിയം, പറക്കുളം എന്നിവിടങ്ങളിലെ സമരസമിതി നേതാക്കളും സിപിഎം കൊട്ടിയം ഏരിയ സെക്രട്ടറി എസ്. ഫത്തഹുദീനും പങ്കെടുത്തു. വിശദമായ നിവേദനവും മന്ത്രിക്ക് കൈമാറി.
സമരസമിതികളുടെ ആവശ്യം പൊതുമരാമത്ത് മന്ത്രി പി.എ. മുഹമദ് റിയാസിനെയും അറിയിക്കും. ഡൽഹിയിൽ നിന്നുള്ള വിദഗ്ധ സമിതിസംഘം നാശം സംഭവിച്ചിട്ടുള്ള ആർഇ വാളിന്റെ ഭാഗങ്ങളിൽ പരിശോധന നടത്തിയശേഷമേ ഉയരപ്പാതയുടെ നിർമാണം പുനരാരംഭിക്കൂ. ഉയരപാതയുടെ ഡിസൈൻ തയാറാക്കിയതിൽ പറ്റിയ പാളിച്ചയും മണ്ണ് പരിശോധനയിൽ വന്നിട്ടുള്ള അലംഭാവവുമാണ് റോഡിന്റെ തകർച്ചയ്ക്ക് കാരണമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
Tags : nattu vishesham flyover Repair work