പത്തനംതിട്ട: എച്ച്1 എന്‍1 ഇന്‍ഫ്ളൂവന്‍സ, വൈറല്‍ പനി റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ സ്കൂളുകളിൽ ജാഗ്രതാ നിർദേശം. വിദ്യാര്‍ഥികള്‍ക്കിടയില്‍ പനി, ചുമ, തൊണ്ടവേദന, ശരീരവേദന, തലവേദന തുടങ്ങിയ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ആവശ്യമായ ചികിത്സ തേടണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എൽ. അനിതകുമാരി നിർദേശിച്ചു.
വിദ്യാര്‍ഥികള്‍ ഭക്ഷണം കഴിക്കുന്നതിന് മുമ്പും ചുമച്ചതിനോ തുമ്മിയതിനോ ശേഷവും സോപ്പും വെള്ളവും ഉപയോഗിച്ച് കുറഞ്ഞത് 20 സെക്കന്‍ഡ് കൈകള്‍ കഴുകണം. ചുമക്കുമ്പോഴും തുമ്മുമ്പോഴും ടിഷ്യൂ പേപ്പര്‍ അല്ലെങ്കില്‍ കൈമുട്ടിന്റെ ഉള്‍ഭാഗം ഉപയോഗിച്ച് മൂക്കും വായും മൂടണം. ഉപയോഗിച്ച ടിഷ്യൂ ഉടന്‍ മാലിന്യപ്പെട്ടിയില്‍ നിക്ഷേപിച്ച് കൈകള്‍ കഴുകണം. കഴുകാത്ത കൈകള്‍ കൊണ്ട് കണ്ണ്, മൂക്ക്, വായ എന്നിവ സ്പര്‍ശിക്കരുത്. വെള്ളക്കുപ്പി, ഭക്ഷണപാത്രം, ഗ്ലാസ്, ടവല്‍, ഇതേ പോലുള്ള വസ്തുക്കള്‍ മറ്റുള്ളവരുമായി പങ്കുവയ്ക്കരുത്.
ചുമയോ പനിയോ ഉള്ള സഹപാഠികളില്‍ നിന്ന് അകലം പാലിക്കണമെന്നും ചുമ, ജലദോഷം, പനി ഇടങ്ങളില്‍ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ മാസ്ക് ധരിക്കണമെന്നും ഡിഎംഒ നിർദേശിച്ചു. പനി, തൊണ്ടവേദന, ശരീരവേദന, ശ്വാസതടസം എന്നിവ ഉണ്ടായാല്‍ സ്കൂളില്‍ വരാതെ വീടില് വിശ്രമിക്കുകയും അധ്യാപകരെ അറിയിക്കുകയും ചെയ്യണം.
ശ്വാസംമുട്ടല്‍ അല്ലെങ്കില്‍ വേഗത്തിലുള്ള ശ്വസനം, ചുണ്ടുകള്‍ നീലനിറമാകുക, അമിത ക്ഷീണം, ആശയക്കുഴപ്പം, ഉണര്‍ത്താന്‍ ബുദ്ധിമുട്ട്, തുടര്‍ച്ചയായി ഉയര്‍ന്ന പനി നിലനില്ക്കുക, നിര്‍ജലീകരണത്തിന്റെ ലക്ഷണങ്ങള്‍, ചുമ വര്‍ധിക്കുക അല്ലെങ്കില്‍ നെഞ്ചുവേദന ഉണ്ടാകുക എന്നിവ കണ്ടാല്‍ ഉടന്‍ വൈദ്യസഹായം തേടണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ പറഞ്ഞു.
Tags : Local News Nattuvishesham Pathanamthitta