മാലിന്യത്തിൽനിന്ന് ലഭിച്ച സ്വർണത്താലി ഓമനയ്ക്ക് ഹരിതകർമ സേനാംഗങ്ങൾ സുഗുണയും രാജിയും തിരികെ നൽകുന്നു.
കൊടുവായൂർ: അജൈവമാലിന്യം ശേഖരിക്കുന്നതിനിടെ ലഭിച്ച സ്വർണത്താലി ഉടമയ്ക്ക് തിരികെ നൽകി കൊടുവായൂർ ഗ്രാമപഞ്ചായത്ത് ഹരിതകർമ സേനാംഗങ്ങൾ സമൂഹത്തിനു മാതൃകയായി.
കൊടുവായൂർ സ്വദേശികളായ സുഗുണയും, രാജിയും പഞ്ചായത്തിലെ ഏഴാം വാർഡ് വളത്തുകാട് ഓമനയുടെ വീട്ടിൽ നിന്ന് ശേഖരിച്ച അജൈവ മാലിന്യം തരംതിരിക്കുന്നതിനിടെയാണ് ഏകദേശം ഒരു പവൻ തൂക്കമുള്ള സ്വർണത്താലി കണ്ടെത്തിയത്.
സുഗുണയും രാജിയും ചേർന്ന് രാവിലെ വീടുകളിൽ നിന്നും ശേഖരിച്ച മാലിന്യം ഉച്ചയ്ക്ക് ശേഷം പരിശോധിക്കുന്നതാണ് പതിവ്. പ്ലാസ്റ്റിക്, കടലാസ് എന്നിവക്കൊപ്പം പൊതിഞ്ഞ നിലയിൽ കിടന്ന താലി കണ്ടപ്പോൾ ആർക്കാണ് നഷ്ടപ്പെട്ടതെന്ന് അന്വേഷിച്ചു. തുടർന്ന് ഉടമയായ ഓമനയെ വിവരമറിയിച്ചു. പഞ്ചായത്ത് അംഗങ്ങളുടെ സാന്നിധ്യത്തിൽ താലി ഓമനയ്ക്കു കൈമാറുകയും ചെയ്തു.
വർഷങ്ങൾക്ക് മുൻപ് അമ്മവീട്ടിൽ നിന്ന് കിട്ടിയതാണ് താലിയെന്ന് ഓമന അറിയിച്ചു . അബദ്ധത്തിൽ മാലിന്യത്തോടൊപ്പം പോയതാകാം. നഷ്ടപ്പെട്ടെന്ന് കരുതിയ താലി വീട്ടിൽ കൊണ്ടുവന്നു തന്നപ്പോൾ അതിയായ സന്തോഷം തോന്നിയെന്ന് ഓമന പ്രതികരിച്ചു. സംഭവമറിഞ്ഞ് കൊടുവായൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുരുകദാസ് ഹരിതകർമസേന അംഗങ്ങളെ നേരിട്ടെത്തി അനുമോദിച്ചു.