കൊയിലാണ്ടി സ്പോർട്സ് കൗൺസിൽ സ്റ്റേഡിയം
കൊയിലാണ്ടി:കൊയിലാണ്ടി സ്പോർട്സ് കൗൺസിൽ സ്റ്റേഡിയത്തിൽ സെപ്റ്റിക് ടാങ്ക് തകർന്നതിനെ തുടർന്ന് മലിനജലം പുറത്തേക്ക് ഒഴുകുന്നത് വിദ്യാർഥികൾക്കും കായിക പ്രേമികൾക്കും ദുരിതമാകുന്നു. കഴിഞ്ഞ രണ്ട് ദിവസമായി ഇവിടെ നടന്നുവരുന്ന സുബ്രതോ കപ്പ് ഫുട്ബോൾ മത്സരത്തിൽ പങ്കെടുക്കാനെത്തിയവർക്ക് ദുർഗന്ധം സഹിക്കാനാവാത്ത സാഹചര്യമാണുള്ളത്.
മാസങ്ങളായി സെപ്റ്റിക് ടാങ്കിന്റെ തകരാർ തുടരുന്നുണ്ടെങ്കിലും അധികൃതരുടെ ഭാഗത്ത് നിന്ന് നടപടിയുണ്ടായിട്ടില്ല. സ്റ്റേഡിയം പരിസരത്ത് മലിനജലം കെട്ടിക്കിടക്കുന്നതും ദുർഗന്ധം വ്യാപിക്കുന്നതും ആരോഗ്യപ്രശ്നങ്ങൾക്കും ഇടയാക്കുമെന്ന ആശങ്കയുണ്ട്.പ്രഭാതനടത്തത്തിനും വിവിധ കായികപരിശീലനങ്ങൾക്കും നൂറുകണക്കിന് ആളുകൾ ആശ്രയിക്കുന്ന സ്റ്റേഡിയത്തിൽ ഇത്തരം സാഹചര്യം തുടരുന്നത് അംഗീകരിക്കാനാവില്ലെന്ന് കായികപ്രേമികൾ ചൂണ്ടിക്കാട്ടുന്നു.
പ്രശ്നം പരിഹരിക്കാത്ത പക്ഷം പ്രഭാത നടത്തം ഉൾപ്പെടെയുള്ള കായിക പ്രവർത്തനങ്ങൾ തുടരാൻ ബുദ്ധിമുട്ടാണെന്ന് ഇവർ പറയുന്നു. അടിയന്തരമായി സെപ്റ്റിക് ടാങ്ക് അറ്റകുറ്റപ്പണികൾ നടത്തി മലിനജല ഒഴുക്ക് തടയുകയും സ്റ്റേഡിയം ശുചീകരിക്കുകയും ചെയ്യണമെന്നാണ് പ്രദേശവാസികൾ ആവശ്യപ്പെടുന്നത്.
Tags : Local News Nattuvishesham Kozhikode