നെയ്യാറ്റിന്‍കര: നഗരസഭ പരിധിയിലെ മിനി മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി (എംസിഎഫ്) യൂണിറ്റുകളില്‍ നിന്നും യഥാസമയം മാലിന്യം നീക്കം ചെയ്യുന്നില്ലെന്ന് ആക്ഷേപം.
നെയ്യാറ്റിന്‍കര നഗരസഭയിലെ 46 വാര്‍ഡുകളിലായി 90 എംസിഎഫുകളാണ് നിലവിലുള്ളത്.
വീടുകളില്‍നിന്നും മറ്റും ഹരിതകര്‍മസേന ശേഖരിക്കുന്ന വിവിധയിനം മാലിന്യങ്ങള്‍ അതാത് വാര്‍ഡുകളിലെ എംസിഎഫുകളില്‍ ആദ്യം എത്തിക്കും. ഇവ വലിയ ചാക്കുകളിലാക്കി അടുക്കി വയ്ക്കും. പിന്നീട് ഈ മാലിന്യശേഖരം നഗരസഭ പരിധിയിലെ റിസോഴ്സ് റിക്കവറി ഫെസിലിറ്റി (ആര്‍ആര്‍എഫ്) യൂണിറ്റുകളിലെത്തിക്കുകയാണ് ചെയ്യുന്നത്.
ആര്‍ആര്‍എഫിന്റെ പ്രവര്‍ത്തനം മികവോടെ നടക്കുന്നുവെന്ന് അവകാശപ്പെടുന്നുവെങ്കിലും എംസിഎഫുകളില്‍ നിന്നും മാലിന്യനീക്കം നടക്കുന്നതില്‍ വല്ലാതെ കാലതാമസം നേരിടുന്നുണ്ട്. വഴിയോരത്തെ പല എംസിഎഫുകളിലും പരിസരത്തും ഭക്ഷണാവശിഷ്ടങ്ങളും മറ്റും പ്ലാസ്റ്റിക് കിറ്റുകളാക്കി വലിച്ചെറിഞ്ഞിരിക്കുന്നതും കാണാനാകും.
തെരുവു നായകള്‍ കടിച്ചും കാക്കകള്‍ കൊത്തിയുമൊക്കെ ഇവ പാതയോരത്ത് ചിതറികിടക്കുന്നത് കാല്‍നടയാത്രക്കാര്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു. നഗരസഭ ആരോഗ്യവിഭാഗം ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നു നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Tags : Local News Nattuvishesham Thiruvananthapuram