കഴക്കൂട്ടം: കഴക്കൂട്ടം കാരോട് ബൈപ്പാസിൽ ലുലുമാളിനു സമീപം ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടർ കത്തിനശിച്ചു. ഇരുവരും സ്കൂട്ടർ നിർത്തി ദൂരേക്ക് മാറിയതിനാൽ വൻ ദുരന്തം ഒഴിവായി. പള്ളിത്തുറ സെന്റ് പിറ്റേഴ്സ് ലെയിൻ ഹൗസ് നമ്പർ 205-ൽ താമസിക്കുന്ന നിർമല (55), ജോയി പെരേര (60) എന്നിവർ സഞ്ചരിച്ച സ്കൂട്ടറാണു കത്തി നശിച്ചത്. ഇന്നലെ രാവിലെ 9.45 നായിരുന്നു സംഭവം.
കഴക്കുട്ടത്തുനിന്നും ചാക്ക ഭാഗത്തേക്കു പോയ സ്കൂട്ടറാണു കത്തിയത്. ഓട്ടത്തിനിടയിൽ സ്കൂട്ടറിൽ പെട്ടെന്ന് തീ ആളിപ്പടരുകയായിരുന്നു. അപകടത്തെ തുടർന്ന് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ വിനോദ് കുമാർ, ഓഫീസർമാരായ സജി എസ്. നായർ, സജുകുമാർ, പൊൻരാജ്, ഡ്രൈവർ എസ്. അരുൺകുമാർ എന്നിവരടങ്ങിയ ഫയർഫോഴ്സ് സംഘമെത്തി തീ കെടുത്തി. സ്കൂട്ടർ പൂർണമായി കത്തിനശിച്ചു.