ആർച്ച്പ്രീസ്റ്റ് ഫാ.ഡോ. കുര്യൻ താമരശേരി വിശുദ്ധ കുർബാനയർപ്പിച്ച് സന്ദേശം നൽകുന്നു.
കുറവിലങ്ങാട്: വിശ്വാസത്താൽ ജീവിതം ചിട്ടപ്പെടുത്തണമെന്ന് കാഞ്ഞിരപ്പള്ളി കത്തീഡ്രൽ തീർഥാടന കേന്ദ്രം ആർച്ച്പ്രീസ്റ്റ് ഫാ. ഡോ. കുര്യൻ താമരശേരി പറഞ്ഞു. മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത്മറിയം അർക്കദിയാക്കോൻ തീർഥാടന കേന്ദ്രത്തിൽ എട്ടുനോമ്പാചരണത്തിന്റെ രണ്ടാംദിനം വിശുദ്ധ കുർബാനയർപ്പിച്ച് സന്ദേശം നൽകുകയായിരുന്നു ആർച്ച്പ്രീസ്റ്റ്. മുത്തിയമ്മയെന്നും അക്കരയമ്മയെന്നുമുള്ള വിളികൾ ഹൃദയത്തിൽനിന്ന് ഉയർന്നു വന്നിട്ടുള്ളതാണ്. ദൈവമാതാവിന്റെ ഇഹലോകത്തിലെ ജീവിതം മാതൃകയാക്കണം. പ്രതിസന്ധികളുണ്ടാകരുതെന്നല്ല, പ്രതിസന്ധികളെയും വേദനകളെയും തരണം ചെയ്യാൻ കരുത്ത് നൽകണമെന്നാണ് പ്രാർഥിക്കേണ്ടത്. മറ്റുള്ളവരുടെ ജീവിതത്തിൽ നന്മയാകാൻ കഴിയണം. ഏലീശ്വാമ്മയെ ശുശ്രൂഷിച്ച പരിശുദ്ധ മറിയം ഇക്കാര്യത്തിൽ മാതൃകയാകണമെന്നും ആർച്ച്പ്രീസ്റ്റ് പറഞ്ഞു.
നോമ്പിന്റെ രണ്ടാംദിനത്തിൽ ഇടവകയിലെ വയോജനങ്ങളെ ആദരിച്ച് ഇടവക മാതൃകയായി. അഞ്ഞൂറിലേറെ വയോജനങ്ങൾ ആദരവ് സമ്മേളനത്തിൽ പങ്കുചേർന്നു. എല്ലാവർക്കും ജപമാലയും മധുരപലഹാരങ്ങളും സമ്മാനിച്ചു. നേർച്ചക്കഞ്ഞിയിൽ പങ്കെടുത്തും വിശേഷങ്ങൾ പങ്കുവച്ചുമാണ് വയോജനങ്ങൾ മടങ്ങിയത്.
നോമ്പിന്റെ മൂന്നാംദിനമായ ഇന്ന് പ്രവിത്താനം സെന്റ് അഗസ്റ്റിൻസ് ഫൊറോനതലത്തിലുള്ള തീർഥാടനം നടത്തും. 10.30ന് തീർഥാടനം പള്ളിയിലെത്തിച്ചേരും. 11ന് പ്രവിത്താനം ഫൊറോന അസി. വികാരി ഫാ. ആന്റണി കൊല്ലിയിൽ വിശുദ്ധ കുർബാനയർപ്പിക്കും. ഉച്ചകഴിഞ്ഞ് 3.30 വാഹനവെഞ്ചരിപ്പ്. ആയിരക്കണക്കിന് സ്വകാര്യ, ടാക്സി വാഹനങ്ങൾ സമർപ്പണത്തിനായി എത്തിക്കും. സുരക്ഷിതമായ യാത്ര ഉറപ്പാക്കാൻ മുത്തിയമ്മയുടെ സന്നിധിയിലെ വാഹനസമർപ്പണത്തിലൂടെ സാധിക്കുന്നതായാണ് സാക്ഷ്യം.
വൈകുന്നേരം അഞ്ചിന് ഇടുക്കി രൂപതയിലെ നെടുങ്കണ്ടം തീർഥാടന കേന്ദ്രം ആർച്ച്പ്രീസ്റ്റ് ഫാ. തോമസ് വട്ടമല വിശുദ്ധ കുർബാനയർപ്പിച്ച് സന്ദേശം നൽകും.
Tags : Nattuvishesham DistrictNews