കോഴിക്കോട്: ചാലിയത്തും പരിസര പ്രദേശങ്ങളിലും കച്ചവടകേന്ദ്രങ്ങളിൽ വില്പനക്കായി സൂക്ഷിക്കുന്ന കല്ലുമ്മക്കായ മോഷണം പോകുന്നത് പതിവാകുന്നു. സമീപകാലത്തായി ലക്ഷങ്ങളുടെ കല്ലുമ്മക്കായയാണ് മോഷ്ടിക്കപ്പെട്ടത്. ചൊവ്വ പുലർച്ചെ കടുക്കബസാർ - കടലുണ്ടിക്കടവ് റോഡിൽ വ്യാപാരം നടത്തുന്ന കപ്പലങ്ങാടി ഇല്ലിക്കൽ ഫൈസലിന്റെ ഇല്ലിക്കൽ സീ ഫുഡ്സിൽ നിന്നും കല്ലുമ്മക്കായ നിറച്ച ചാക്ക് മോഷ്ടിക്കപ്പെട്ടു.
ഇതിന്റെ ദൃശ്യങ്ങൾ കടയിലെ സിസിടിവിയിൽ പതിഞ്ഞു. മുഖം മറച്ച് സ്കൂട്ടറിലെത്തിയ മോഷ്ടാവിനെ തിരിച്ചറിഞ്ഞിട്ടില്ല. കടയുടമയുടെ പരാതിയിൽ ബേപ്പൂർ പോലീസ് സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് അന്വേഷണം ഊർജിതമാക്കി. ഒരുമാസം മുമ്പ് കടയിൽ മോഷണം നടന്നപ്പോഴാണ് ഉടമ കാമറ സ്ഥാപിച്ചത്. ഫൈസലിനുമാത്രം ഒന്നരലക്ഷം രൂപയുടെ കല്ലുമ്മക്കായ നഷ്ടമായി.
നേരത്തെ സമീപ പ്രദേശമായ കടുക്കബസാറിലെ നൗഷാദിന്റെ ബിഎൻഎസ് സ്ഥാപനം, കുഞ്ഞാലിക്കുട്ടിയുടെ കട എന്നിവിടങ്ങളിൽനിന്നായി നൂറ് കിലോവീതവും ഫറോക്കിൽ റഷീദിന്റെ 200 കിലോയും കല്ലുമ്മക്കായ മോഷണം പോയിരുന്നു. കാലവർഷവും ശക്തമായ കടലേറ്റവുമായതിനാൽ കല്ലുമ്മക്കായക്ക് മികച്ച വില ലഭിക്കുന്ന സീസണിലാണ് മോഷണം.
Tags : Local News Nattuvishesham Kozhikode