കൊല്ലം : തമിഴ്നാട്ടിലെ മഴയുടെ പശ്ചാത്തലത്തില്‍ കേരളത്തില്‍ പലയിനം പച്ചക്കറികള്‍ക്കും ഈയാഴ്ചയും വില വര്‍ധിപ്പിച്ചു. കര്‍ക്കിടകം ആരംഭിക്കുന്നതോടെ തമിഴ് നാട്ടിലും കേരളത്തിലും പച്ചക്കറി ഉപയോഗം നേരിയ തോതില്‍ വര്‍ധിക്കും. ഈ സാഹചര്യം കൂടി മുതലെടുത്താണ്് പച്ചക്കറി വില ഉയര്‍ത്തിയത്.
ഒരു കിലോ ബീന്‍സിന് 25 രൂപയാണ് വര്‍ധിപ്പിച്ചത്. കഴിഞ്ഞയാഴ്ച 80 രൂപ ഉണ്ടായിരുന്നു വില. ഈയാഴ്ച 105 ആയി. ചേമ്പിന് കിലോക്ക് 30 രൂപ കൂട്ടി. 70 രൂപയില്‍ നിന്ന് 100 രൂപയായിട്ടാണ് വില കൂട്ടിയത്. ചേമ്പ് വരവ് കുറയുകയും ചെയ്തു. കേരളത്തില്‍ ചേമ്പിന്റെ വിളവെടുപ്പു കാലമല്ല, തമിഴ്നാട്, കര്‍ണാട സംസ്ഥാനങ്ങളില്‍ നിന്നാണ് ചേമ്പ് എത്തുന്നത്.
തക്കാളി വില 35 -ല്‍ നിന്ന് 48 രൂപയായി കുതിച്ചു. സവാള വില രണ്ടാഴ്ച മുമ്പ് 25 രൂപയില്‍ നിന്ന് 38 രൂപയായും ഈയാഴ്ച 40 രൂപയായും വര്‍ധിച്ചു. 35 രൂപയുണ്ടായിരുന്ന തക്കാളിക്ക് 48 രൂപയായി. ഉരുളകിഴക്ക് 34 -ല്‍ നിന്ന് 38 രൂപയായി വര്‍ധിച്ചു.
അമര വില 40 -ല്‍ നിന്ന് 48 രൂപയായി. മുരിങ്ങക്കായ വില 70 -ല്‍ നിന്ന് 80 രൂപയായി. മാങ്ങ വില 40 ല്‍ നിന്ന് 45 രൂപയായി. മാങ്ങാ സീസണ് അവസാനിക്കുകയാണ്. അതേസമയം ചിലയിനങ്ങള്‍ക്കും വില കുറഞ്ഞിട്ടുണ്ട്. ബീറ്റ് റൂട്ട് വില 50 -ല്‍ നിന്ന് 45 രൂപയായും കാരറ്റ് വില 88 -ല്‍ നിന്ന് 80 രൂപയായും കാബേജ് വില 65 -ല്‍ നിന്ന് 48 ആയും പയറിന് 70 -ല്‍ നിന്ന് 60 ആയും കുറഞ്ഞു.
കോളിഫ്ളവര്‍ വില 70 രൂപയിലും ഉള്ളിക്ക് 70 രൂപയിലും ചേന വില 40 രൂപയിലും തുടരുന്നു. നാരങ്ങ വില കുറഞ്ഞിട്ടുണ്ട്. വലിയ നാരങ്ങക്ക് 70 ഉം ചെറുതിന് 50 രൂപയുമാണ് വില.
കേരളത്തിലേക്ക് പച്ചക്കറി എത്തിക്കുന്ന മേഖലകളില്‍ കഴിഞ്ഞയാഴ്ച നല്ലതോതില്‍ മഴ പെയ്തത് പച്ചക്കറി വില കൂട്ടാനിടയാക്കി. കനത്ത മഴയില്‍ പച്ചക്കറി വിളവെടുക്കാന്‍ കഴിയാത്തതും അഴുകിപ്പോയതും കാരണം വരവ് കുറഞ്ഞു. ചേമ്പ് വിളവെടുക്കാന്‍ കഴിയാതിരുന്നതാണ് വില കൂട്ടാന്‍ ഇടയാക്കിയത്.
പശ്ചിമേഷ്യന്‍ മേഖലയിലെ പ്രതിസന്ധിയെ തുടര്‍ന്ന് ഇന്ധന വില വര്‍ധിച്ചതിനാല്‍ വളം വിലയും പച്ചക്കറി കടത്തുകൂലിയും വര്‍ധിച്ചതും പച്ചക്കറി വില കൂട്ടാനിടയാക്കി.
കേരളത്തില്‍ മഴ കുറഞ്ഞത് തമിഴ്നാട്ടില്‍ പുതിയ പ്രതിസന്ധിയുണ്ടാക്കുകയാണ്. മുല്ലപ്പെരിയാറില്‍ നിന്ന് വെള്ളം എത്തിച്ച് അഞ്ചു ജില്ലകളിലാണ് തമിഴ്നാട് കൃഷിയിറക്കുന്നത്. കമ്പം മുതല്‍ തിരുച്ചിറപ്പള്ളി വരെയാണ് മുല്ലപ്പെരിയാര്‍ വെള്ളം കനാല്‍ നിര്‍മിച്ച് കൊണ്ടുപോകുന്നത്. ഡാമുകള്‍ വറ്റിയതോടെ പല ജില്ലകളിലും പച്ചക്കറി കൃഷിയെ പ്രതികൂലമായി ബാധിക്കും.
Tags : Local News Nattuvishesham Kollam