രജീഷ് കല്ലംവള്ളി തന്റെ കൃഷിയിടത്തിൽ.
തളിപ്പറമ്പ്: ചെത്ത് തൊഴിലിനൊപ്പം കൃഷിയെയും ജീവിതത്തിന്റെ ഭാഗമാക്കിയ കീഴാറ്റൂരിലെ രജീഷ് കല്ലംവള്ളിയെ തേടി കേരള സർക്കാരിന്റെ ഹരിതമിത്ര അവാർഡ് എത്തി. വിദ്യാർഥിയായിക്കെ തന്നെ കൃഷിയോട് അടുപ്പം കാണിച്ച രജീഷിന് തൃച്ചംബരം കൃഷിഭവനിൽനിന്ന് വിദ്യാർഥി കർഷക അവാർഡും ലഭിച്ചിരുന്നു. കൂവോട് കൃഷിഭവന്റെ പരിധിയിലെ മികച്ച കർഷകനായും തെരഞ്ഞെടുക്കപ്പെട്ടതോടെ കൃഷിയോടുള്ള താത്പര്യം കൂടുതൽ ഉറച്ചു. സ്വന്തം സ്ഥലത്തിനൊപ്പം പാട്ടത്തിനെടുത്ത ഭൂമിയിലും കൃഷിയിറക്കി. അമ്മയും സഹോദരങ്ങളും കൂട്ടുകാരും കൂടെ നിന്നു.
ഏഴ് ഏക്കറോളം വരുന്ന സ്ഥലത്ത് പൂർണമായും മഴയെ ആശ്രയിച്ചുള്ള ജൈവ കൃഷിരീതിയാണ് രജീഷ് പിന്തുടരുന്നത്. നവീനവും പ്രകൃതിദത്തവുമായ മാർഗങ്ങളിലൂടെയാണ് രജീഷ് കൃഷിയെ സംരക്ഷിക്കുന്നത്. പടവലം, കക്കിരി, വെണ്ട, താലോലി, മുളക്, പയർ, ഇളവൻ, പാവയ്ക്ക, മഞ്ഞൾ, കപ്പ എന്നിങ്ങനെ എല്ലാ പച്ചക്കറികളും രജീഷിന്റെ കൃഷി തോട്ടത്തിലുണ്ട്. ഇതിൽ ഏറ്റവും പ്രത്യേകതയുള്ളത് കീഴാറ്റൂർ കക്കിരിയാണ്. രാസവളങ്ങളുടെ ഉപയോഗം ഇല്ലാതെ ചാണകവും ജൈവവളങ്ങളും ഉപയോഗിച്ചാണ് കൃഷി. പാരമ്പര്യമായി കൈമാറിക്കിട്ടിയ കൃഷിയറിവിനെ പുതിയകാലത്തിന്റെ കൃഷിരീതികളുമായി കൂട്ടിയിണക്കാനും രജീഷ് ശ്രദ്ധിച്ചു.
Tags : Nattuvishesham Districtnews Harithamitra