കനത്ത മഴയിൽ കരുവാരകുണ്ട് അങ്ങാടിക്കു സമീപം മണ്ണിടിഞ്ഞ നിലയിൽ.
മലപ്പുറം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദവും പടിഞ്ഞാറന്‍ തീരത്തെ ഓഫ്-ഷോര്‍ ട്രഫും കാരണം ജില്ലയില്‍ അടുത്ത ദിവസങ്ങളിലും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. കാലാവസ്ഥാ വകുപ്പിന്റെ കണക്കുകൂട്ടല്‍ പ്രകാരം 24 മണിക്കൂറില്‍ 115.6 എംഎം മുതല്‍ 204.4 എംഎം വരെ അതീവ ശക്തമായ മഴയ്ക്കുള്ള സാധ്യത പ്രവചനത്തിന് സമാനമായ മഴയാണ് ജില്ലയില്‍ പെയ്തത്.
കാലവര്‍ഷം അതിശക്തമായി തുടരുന്നതിനാല്‍ ജില്ലയില്‍ സമീപദിവസങ്ങളില്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. ജില്ലയില്‍ ഇന്നലെ ഓറഞ്ച് അലേര്‍ട്ടായിരുന്നു. മഴയുടെ തീവ്രതയില്‍ നേരിയ കുറവുണ്ടാകാമെങ്കിലും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത തുടരണമെന്നാണ് കരുതല്‍ നിര്‍ദേശം.
തുടര്‍ച്ചയായി കനത്ത മഴ പെയ്യുന്ന സാഹചര്യത്തില്‍ ജില്ലയിലെ ദുരന്തനിവാരണ അഥോറിറ്റി കടുത്ത ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്:
മലയോര-തീരദേശമേഖലകളില്‍ അതീവ ജാഗ്രത നിര്‍ദേശം
മലപ്പുറം: മണ്ണൊലിപ്പ്, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ എന്നിവയ്ക്ക് സാധ്യത കൂടുതലായതിനാല്‍ കിഴക്കന്‍ ഏറനാട്, നിലമ്പൂര്‍ തുടങ്ങിയ മലയോരമേഖലകളിലുള്ളവര്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്നാണ് ജാഗ്രതാനിര്‍ദേശം. മലയോരമേഖലകളില്‍ രാത്രികാല യാത്രകള്‍ പൂര്‍ണമായും ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്.
ചാലിയാര്‍, കടലുണ്ടിപ്പുഴ തുടങ്ങിയ പ്രധാന നദികളിലെ ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ട്. നദീതീരങ്ങളില്‍ ഉള്ളവരും താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവരും വെള്ളം കയറാനുള്ള സാധ്യത മുന്‍കൂട്ടി കണ്ട് അവിടെനിന്ന് മാറാന്‍ തയാറാകണം.
ജലാശയങ്ങള്‍ കരകവിഞ്ഞൊഴുകുന്ന റോഡുകളിലൂടെ യാതൊരു കാരണവശാലും വാഹനങ്ങള്‍ ഓടിക്കാന്‍ ശ്രമിക്കരുതെന്നും അധികൃതര്‍ അറിയിച്ചു. കടല്‍ അതീവ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ പൊന്നാനി, താനൂര്‍, പരപ്പനങ്ങാടി അടക്കമുള്ള തീരമേഖലകളിലും ജാഗ്രത നിര്‍ദേശമുണ്ട്.
ശക്തമായ കാറ്റിനും ഉയര്‍ന്ന തിരമാലകള്‍ക്കും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നാണ് അറിയിപ്പ്. അത്യാവശ്യ ഘട്ടങ്ങളില്‍ അടിയന്തര സഹായത്തിന ജില്ലാ ദുരന്തനിവാരണ അഥോറിറ്റിയുടെ ടോള്‍ ഫ്രീ നമ്പറായ 1077-ല്‍ ബന്ധപ്പെടാം.
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
മലപ്പുറം: ജില്ലയിൽ അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ അപകടങ്ങളും ദുരന്തങ്ങളും ഒഴിവാക്കുന്നതിനായി മലപ്പുറം ജില്ലയിലെ പ്രഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.
അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, മദ്രസകൾ എന്നിവയ്ക്കും അവധി ബാധകമാണ്.
യൂണിവേഴ്സിറ്റി പരീക്ഷകൾ, പിഎസ്സി പരീക്ഷകൾ തുടങ്ങിയ മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾ മാറ്റമില്ലാതെ നടക്കും. നഷ്ടപ്പെട്ട പ്രവൃത്തി ദിനം പിന്നീട് നികത്തുന്നതിനുള്ള നടപടികൾ സ്ഥാപന മേധാവികൾ സ്വീകരിക്കണം. ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ അറിയിച്ചു.
മൈലാടിയിൽ മണ്‍കൂന ഇടിഞ്ഞുവീണ് വീട് അപകടാവസ്ഥയിൽ
നിലന്പൂർ: കനത്ത മഴയിൽ മണ്‍കുന ഇടിഞ്ഞു വീട് അപകടാവസ്ഥയിൽ. മൈലാടി അമൽ കോളജിന് സമീപം താമസിക്കുന്ന സംഷീറിന്റെ വീടിന്റെ ഭിത്തിയിലേക്കാണ് വ്യാപകമായി മണ്‍കൂന ഇടിഞ്ഞ് മണ്ണ് പതിച്ചത്. അമൽ കോളജിന്റെ പിറകുഭാഗത്ത് ഗ്രൗണ്ട് നിർമാണത്തിനായി വ്യാപകമായി മണ്ണ് എടുത്ത സ്ഥലത്ത് അവശേഷിച്ച മണ്‍കൂനയാണ് ഇടിഞ്ഞ് വീണത്.
ഇത് ഒന്നാകെ വീടിന്റെ ഭിത്തിയിലേക്ക് അടിഞ്ഞുകൂടിയതാണ് വീട് അപകടാവസ്ഥയിലായിരിക്കുന്നത്. സമീപത്തെ വീടുകളുടെ സുരക്ഷ ഉറപ്പാക്കാതെ അശാസ്ത്രീയമായി ഗ്രൗണ്ട് നിർമാണത്തിന് മണ്ണെടുത്തതാണ് ഇടിയാൻ കാരണം. ഇന്നലെ ഉച്ചയ്ക്ക് ശേഷം 2.45 ഓടെയാണ് സംഭവം.
വാർഡ് അംഗം ബഷീർ കാട്ടുമുണ്ട, കോളജ് അധികൃതർ എന്നിവർ സ്ഥലം സന്ദർശിച്ചു. മേഖലയിൽ മഴ ശക്തമായി തുടരുന്പോഴും മുൻകരുതലെടുക്കാതെ ആശാസ്ത്രീയമായ നിർമാണ പ്രവൃത്തികൾ നടക്കുന്നതാണ് ഇത്തരം സംഭവങ്ങൾക്ക് കാരണമാകുന്നത്. 2018 ലെയും 2019 ലെയും പ്രളയങ്ങളിൽ ഏറെ ദുരിതം അനുഭവിച്ചവരാണ് മൈലാടി നിവാസികൾ.
പുഴകൾ നിറഞ്ഞൊഴുകുന്നു; അളയ്ക്കൽ ഊരുകളിലെ ആദിവാസികൾ ദുരിതത്തിൽ
എടക്കര: കാലവർഷം ശക്തി പ്രാപിച്ചതോടെ മേഖലയിലെ പുഴകൾ അപകടകരമാംവിധം നിറഞ്ഞൊഴുകാൻ തുടങ്ങി. വയനാട്, തമിഴ്നാട് വനമേഖലകളിൽനിന്ന് ഉത്ഭവിക്കുന്ന ചാലിയാർ, പുന്നപ്പുഴ, കലക്കൻപുഴ, കരിന്പുഴ എന്നിവയിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നിട്ടുണ്ട്. പുന്നപ്പുഴയിൽ വെള്ളം ഉയർന്നതിനെത്തുടർന്ന് പുഞ്ചക്കൊല്ലി, അളയ്ക്കൽ ഉൗരുകളിലെ ആദിവാസികൾ പുറംലോകവുമായി ബന്ധപ്പെടാൻ കഴിയാതെ ദുരിതത്തിലായിരിക്കുകയാണ്.
ഒഴുക്ക് ശക്തമായതിനാൽ മുളകൾ കൊണ്ടുള്ള ചങ്ങാടം പുഴയിൽ ഇറക്കാൻ കഴിയാത്ത അവസ്ഥയാണ്. വയനാട് ജില്ലയിലെ മേപ്പാടി, ചൂരൽമല, കള്ളാടി എന്നീ ഭാഗങ്ങളിൽ പെയ്തിറങ്ങുന്ന ശക്തമായ മഴയെത്തുടർന്ന് ചാലിയാർ പുഴയിൽ വെള്ളം ഉയരുകയും ശക്തമായ ഒഴുക്കുമാണുള്ളത്.
ചാലിയാറിന് കുറുകേ ഇരുട്ടുകുത്തിയിൽ പാലം നിർമാണം പൂർത്തിയായതിനാൽ മുണ്ടേരി ഉൾവനങ്ങളിലെ ആദിവാസികൾക്ക് പുറംലോകവുമായി ബന്ധപ്പെടുന്നതിന് തടസങ്ങളില്ല.
പുഴയുടെ തീരങ്ങളിൽ താമസിക്കുന്നവർക്ക് ദുരന്തനിവാരണ അഥോറിറ്റി ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. വൈകുന്നേരത്തോടെ മഴയ്ക്ക് അല്പം ശമനമായിട്ടുണ്ട്.
നാടുകാണിച്ചുരത്തിൽ വീണ മരക്കൊമ്പുകൾ നീക്കം ചെയ്തു
എടക്കര: കനത്ത മഴയിലും കാറ്റിലും നാടുകാണിച്ചുരം പാതയിൽ വീണ മരക്കൊന്പുകൾ ഇആർഎഫ് പ്രവർത്തകർ വെട്ടിമാറ്റി. ചുരത്തിലെ തേൻപാറക്ക് മുകളിലായാണ് മരക്കൊന്പുകൾ റോഡിലേക്ക് പതിച്ചത്.
കള്ളാടി ദുരന്ത ഭൂമിയിലേക്ക് രക്ഷാപ്രവർത്തനങ്ങൾക്കായി പുറപ്പെട്ട എമർജൻസി റെസ്ക്യു ഫോഴ്സ് വഴിക്കടവ് യൂണിറ്റ് പ്രവർത്തകരാണ് മരം മുറിച്ച് ഗതാഗതതടസം നീക്കിയത്. ഇആർഎഫ് പ്രവർത്തകരായ എം.കെ. സലിം, സത്താർ, ടി. സലീം, അയ്യപ്പൻ, കുഞ്ഞാലി, നാണി, എ.പി. സുനീർ, അസീസ് മരുത എന്നിവർ നേതൃത്വം നൽകി.
നിലമ്പൂർ കെഎൻജി റോഡിൽ വെള്ളം കയറി
നിലമ്പൂർ: നിലമ്പൂരിലെ മലയോര മേഖലയിൽ മൂന്നാം നാളും മഴ ശക്തമായതിനെത്തുടർന്ന് പുഴകളിൽ ജലനിരപ്പുയർന്നു. ചെറിയ പുഴകളിലും അവ വന്ന് ചേരുന്ന പ്രധാന നദികളിലും ഉയർന്ന ജലനിരപ്പാണ് ചൊവ്വാഴ്ചയും ബുധനാഴ്ചയും അനുഭവപ്പെട്ടത്. വയനാട് കള്ളാടിയിൽ മണ്ണിടിഞ്ഞതിനെത്തുടർന്ന് നിലന്പൂർ പോത്തുകല്ല് ഭാഗത്ത് ചാലിയാറിലെ ജല നിരപ്പുയർന്നിരുന്നു. ബുധനാഴ്ചയോടെ ജലനിരപ്പ് കുറഞ്ഞിരുന്നെങ്കിലും മഴ ശക്തമായി തുടർന്നതോടെ വീണ്ടും ഒരടിയോളം ജലനിരപ്പുയർന്നിട്ടുണ്ട്.
അമരന്പലം പഞ്ചായത്തിലെ പൊട്ടിക്കല്ലിൽ വെള്ളം കൂടിയതിനാൽ താമസക്കാരോട് ജാഗ്രത പാലിക്കാൻ റവന്യു അധികൃതർ ആവശ്യപ്പെട്ടു. പഞ്ചായത്തിലെ പന്തീരായിരം ഉൾവനത്തിലടക്കം പുഴകളിലെ ജലനിരപ്പുയർന്നിട്ടുണ്ട്. ചാലിയാർ പഞ്ചായത്തിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ കോഴിപ്പാറ വെള്ളച്ചാട്ട സ്ഥലത്തും വലിയ തോതിലാണ് ജലനിരപ്പുള്ളത്. നിലമ്പൂർ മുതീരി മാങ്കുത്ത് സ്കൂളിന്റെ മതിൽ കനത്ത മഴയിൽ തകർന്നു. ആളപായമില്ല.
മൂത്തേടം തീക്കടി ഉന്നതിയിലെ മിനി-ചന്ദ്രൻ ദന്പതിമാരുടെ വീടിന്റെ സമീപത്തുള്ള പഞ്ചായത്ത് കിണറിന്റെ വശങ്ങളിലെ മണ്ണിടിഞ്ഞ് വീടിന് ഭീഷണിയായിട്ടുണ്ട്. ഇവരോട് റവന്യു അധികൃതർ മാറിതാമസിക്കാൻ നിർദേശിച്ചു. വഴിക്കടവ് പഞ്ചായത്തിലെ കാരക്കോട് വെള്ളാരങ്കുന്ന് നീലിയുടെ വീടിന് സമീപം മണ്ണിടിഞ്ഞ് വീടിന് ഭീഷണിയുള്ളതിനാൽ ഇവരോടും മാറിതാമസിക്കാൻ വഴിക്കടവ് വില്ലേജ് അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ ദിവസം കരുളായി പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും 45 വീടുകൾക്ക് ഭാഗികമായി കേടുപാടുകൾ സംഭവിച്ചു. ഇതുസംബന്ധിച്ച് 65 അപേക്ഷകളാണ് കരുളായി വില്ലേജ് ഓഫീസിൽ ലഭിച്ചിട്ടുള്ളത്. ഇതിൽ 45 അപേക്ഷകളിലും അധികൃതരെത്തി സ്ഥല പരിശോധന നടത്തി. അവശേഷിക്കുന്നവയിൽ അടുത്ത ദിവസങ്ങളിൽ പരിശോധന നടത്തും.
ചാലിയാർ പുഴയിലടക്കം മേഖലയിലെ മുഴുവൻ പുഴകളിലും ജലനിരപ്പുയർന്നതിനാൽ പുഴകളുടെ തീരപ്രദേശങ്ങളിൽ താമസിക്കുന്നവരോട് ജാഗ്രത പാലിക്കാൻ റവന്യു അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. നിലന്പൂരിൽ മഴ ശക്തമായതിനെ തുടർന്ന് കെഎൻജി റോഡിൽ വെള്ളം കയറി ഗതാഗത തടസം നേരിട്ടു.
കാറ്റിലും മഴയിലും തോട്ടപ്പള്ളിയിൽ ആയിരത്തിലേറെ നേന്ത്രവാഴകൾ നിലംപൊത്തി
നിലമ്പൂർ: കനത്ത മഴയിലും കാറ്റിലും തോട്ടപ്പള്ളിയിൽ 1000 ലേറെ നേന്ത്രവാഴകൾ നിലംപൊത്തി. രണ്ട് ദിവസമായി തുടരുന്ന മഴയിലും കാറ്റിലുമാണ് ചാലിയാർ പഞ്ചായത്തിന്റെ മലയോര ഗ്രാമമായ തോട്ടപ്പള്ളിയിൽ വ്യാപക കൃഷി നാശം ഉണ്ടായത്. ഇന്നലെ പുലർച്ചെയാണ് മേഖലയിൽ വലിയ തോതിൽ കാറ്റ് ആഞ്ഞുവീശിയത്.
കണ്ടത്തിൽ ദേവസ്യ, പ്രകാശ് ചെന്പൻകൊല്ലി, മോൻസി ഫ്രാൻസിസ്, ജിജിമോൾ ദേവസ്യ എന്നിവരുടെ കൃഷിയിടങ്ങളിലെ കുലച്ച നേന്ത്രവാഴകളാണ് കൂട്ടത്തോടെ നിലംപൊത്തിയത്. ഏകദേശം അഞ്ച് ലക്ഷത്തിലേറെ രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.
വാളംതോട്, നായാടംപൊയിൽ ഭാഗങ്ങളിലും കാറ്റും മഴയും മൂലം കൃഷിനാശമുണ്ടായിട്ടുണ്ട്. വനത്തിലുൾപ്പെടെ കനത്ത മഴ പെയ്യുന്നതിനാൽ പുഴകളിൽ വ്യാപകമായി ജലവിതാനവും ഉയർന്നിട്ടുണ്ട്. പുഴയോരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് പഞ്ചായത്ത്, റവന്യൂ അധികൃതർ നിർദേശം നൽകി.
കാഞ്ഞിരപുഴ, കുറവൻപുഴ, പുന്നപ്പുഴ, കാരക്കോടൻ പുഴ, കരിന്പുഴ, ചെറുപുഴ, കലക്കൻ പുഴ എന്നിവിടങ്ങളിൽ ജലവിതാനം ഉയർന്നതോടെ ചാലിയാർ പുഴയിലും ജലനിരപ്പ് ഉയർന്ന അവസ്ഥയിലാണ്.
Tags : Local News Nattuvishesham Malappuram