പുല്‍പ്പള്ളി: മുള്ളന്‍കൊല്ലി പഞ്ചായത്തിലെ പാളക്കൊല്ലി-ഉദയക്കര മേഖലകളില്‍ കാട്ടാനശല്യം രൂക്ഷം.കഴിഞ്ഞ ദിവസം രാത്രിയില്‍ പാളക്കൊല്ലി വനത്തില്‍ നിന്നിറങ്ങിയ കാട്ടാന പ്രദേശത്തെ നിരവധി കര്‍ഷകരുടെ കൃഷികള്‍ നശിപ്പിച്ചു.
പാളക്കൊല്ലി ബേബിയുടെ വീട്ടുമുറ്റത്തും കാട്ടാനയെത്തി. കഴിഞ്ഞ ഒരാഴ്ചയായി മേഖലയില്‍ കാട്ടാനശല്യം രൂക്ഷമാണെന്ന് കര്‍ഷകര്‍ പറഞ്ഞു. ചേകാടി വനത്തോട് ചേര്‍ന്ന് പാളക്കൊല്ലി വനമേഖലയില്‍ നിന്നാണ് സന്ധ്യമയങ്ങുന്നതോടെ ആനകള്‍ ട്രഞ്ചും ഫെന്‍സിംഗും തകര്‍ത്ത് കൃഷിയിടത്തിലിറങ്ങുന്നത്.
മേഖലയില്‍ നിരവധി ഉന്നതികള്‍ ഉള്‍പ്പെടെയുള്ള ജനവാസ മേഖലയായതിനാല്‍ ശല്യക്കാരായ ആനകളെ കുംകിയാനകളെ ഉപയോഗിച്ച് ഉള്‍വനത്തിലേക്ക് തുരത്താനാവശ്യമായ നടപടി അടിയന്തരമായി ഉണ്ടാകണമെന്നാണ് ആവശ്യം. ഉദയക്കര-ചേകാടി റൂട്ടിലെ ഗേറ്റ് നന്നാക്കാത്തതാണ് ആനയിറങ്ങാന്‍ കാരണം. സന്ധ്യമയങ്ങുന്നതോടെ കൃഷിയിടത്തിലിറങ്ങുന്ന കാട്ടാനകള്‍ നേരം പുലര്‍ന്നിട്ടും പോകാത്ത അവസ്ഥയാണ്.