കെഎസ്ഇബി വടക്കഞ്ചേരി സെക്ഷൻ ഓഫീസിനു മുന്നിലെ ചോർന്നൊലിക്കുന്ന കെട്ടിടം.
വടക്കഞ്ചേരി: കെഎസ്ഇബി വടക്കഞ്ചേരി സെക്ഷൻ ഓഫീസിന്റെ മുന്നിലെ സ്ഥിതിയാണിത്. മഴക്കാലം വരെ മേൽക്കൂരയിലെ ഷീറ്റിലെ വലിയ ഓട്ടകൾ കുഴപ്പമില്ലായിരുന്നു.
എയർ സർക്കുലേഷനും സൗരോർജവുമായി കടന്നു പോയി. എന്നാൽ മഴ ശക്തിപ്പെട്ടതോടെ മഴവെള്ളം മുഴുവൻ ഇരിപ്പിടങ്ങളിലും തറയിലും നിറയാൻ തുടങ്ങി.
കറന്റ് ബിൽ അടക്കാൻ എത്തുന്നവർക്കും ജീവനക്കാർക്കും ഇരിക്കാനുള്ള ഇരിപ്പിടങ്ങളാണിത്. ജീവനക്കാർക്ക് മാത്രമായി വിശ്രമിക്കാനുള്ള ഇതിനോട് ചേർന്ന മുറിയും സമാന അവസ്ഥയിലാണ്. ഇത് അടഞ്ഞുകിടക്കുന്നതിനാൽ വരുന്നവർ കാണില്ല.
കെട്ടിടത്തിനോട് ചേർന്ന് നിൽക്കുന്ന ഒരു മരത്തിലെ വലിയ കായകൾ വീണാണത്രേ ആസ്പറ്റോസ് ഷീറ്റുകൾ ഈ വിധം പൊട്ടിതകരുന്നത്. കയറിച്ചെല്ലുന്ന എൻക്വയറി ഓഫീസ് കെട്ടിടത്തിനും അനുബന്ധ കെട്ടിടങ്ങൾക്കും യഥാസമയം അറ്റകുറ്റപണികൾ നടക്കാത്തതിന്റെ ദുരവസ്ഥകളുണ്ട്.
താഴ്ന്നുനിൽക്കുന്ന കെട്ടിടത്തിനു മുകളിലാണ് മരക്കൊമ്പുകളെല്ലാം നിൽക്കുന്നത്.
ഇതിനാൽ മരത്തിലെ ഇലകളും കമ്പുകളുമെല്ലാം കെട്ടിടത്തിനു മുകളിൽ വീണ് ചീഞ്ഞളിഞ്ഞ് ഇപ്പോൾ ചെടികളും തഴച്ചു വളരാൻ തുടങ്ങി. ടച്ച് ക്ലിയറൻസ് നടത്തുന്ന കെഎസ്ഇബി കെട്ടിടത്തിലാണ് ഇങ്ങനെ മരങ്ങൾ ടച്ച് ചെയ്ത് കെട്ടിടത്തിന് വലിയ നാശനഷ്ടങ്ങളുണ്ടാക്കുന്നത്.
വൈകാതെ പ്രധാന കെട്ടിടങ്ങൾക്കും ചോർച്ച തുടങ്ങുമെന്നാണ് ചൂണ്ടിക്കാട്ടുന്നത്.
Tags : nattuvishesham district news