ചിറക്കൽ: തുടർച്ചയായി പെയ്ത കനത്ത മഴയിൽ ചിറക്കൽ ചാമുണ്ഡി കോട്ടത്തിന്റെ ഭാഗമായുള്ള പൈതൃക മണ്ഡപം തകർന്നു വീണു. ഇന്നു രാവിലെ 11.30 ഓടെയാണ് ഒരുമാസം മുന്പ് നിർമിച്ച പൈതൃക മണ്ഡപത്തിന്റെ ഓടിട്ട മേൽക്കൂര നിലംപൊത്തിയത്. ക്ഷേത്ര കമ്മിറ്റി 25 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് മണ്ഡപം നിർമിച്ചത്.
അപകടസമയത്ത് പരിസര പ്രദേശത്ത് ആരുമില്ലാത്തതിനാൽ വൻ ദുരന്തമൊഴിവായി. മേൽക്കൂര ഉൾപ്പെടെ പൈതൃക മണ്ഡപം ഉഗ്രശബ്ദത്തോടെ പൈതൃക മണ്ഡപം തകർന്നു വീഴുകയായിരുന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞു. ചിറക്കൽ ചിറയുടെ തീരത്താണ് പൈതൃക മണ്ഡപം സ്ഥിതി ചെയ്യുന്നത്. കണ്ണൂരിലെ ക്ഷേത്ര നഗരങ്ങളിലൊന്നാണ് ചിറക്കൽ.
ചിറക്കൽ രാജവംശത്തിന്റെ കൊട്ടാരം, ചെറുശേരി കൃഷ്ണഗാഥയെഴുതിയ ശ്രീകൃഷ്ണ ക്ഷേത്രം, ഏഷ്യയിലെ ഏറ്റവും വലിയ മനുഷ്യനിർമിത ജലാശയങ്ങളിലൊന്നായ ചിറക്കൽ ചിറ, ഫോക്ലോർ അക്കാദമി, ചാമുണ്ഡി കോട്ടം ക്ഷേത്രം തുടങ്ങിയവ ചിറക്കൽ ചിറയുടെ പരിസരങ്ങളിലാണ് സ്ഥിതി ചെയ്യുന്നത്.
ചിറക്കൽ ചിറയുടെ നവീകരണം നടന്നതോടെ നൂറുകണക്കിന് വിനോദ സഞ്ചാരികളാണ് ഈ ക്ഷേത്രനഗരിയിലെത്തി ചേരുന്നത്. നിരവധി സാംസ്കാരിക, അധ്യാത്മിക പരിപാടികൾ നടക്കുന്ന സ്ഥലങ്ങളിലൊന്നാണ് പൈതൃക മണ്ഡപം.
Tags : nattu vishesham Heritage pavilion Chamundi Fort