പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അംബികയും പ്രവിജിത്തും
ചെങ്ങന്നൂർ: ആല പഞ്ചായത്തിലെ ആറാം വാർഡിൽ കുടുംബ തർക്കത്തെത്തുടർന്ന് വീടുകയറി ആക്രമണം. പെണ്ണുക്കര കൂട്ടിങ്ങലയത്ത് അംബിക (54), മക്കളായ പ്രേംജിത്ത് (36), പ്രവിജിത്ത് (29) എന്നിവർക്കാണ് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. സംഭവത്തിൽ ചെങ്ങന്നൂർ പോലീസ് കേസെടുത്ത് അന്വേഷണം ഊർജിതമാക്കി.
ഞായറാഴ്ച വൈകുന്നേരത്തോടെയാണ് സംഭവങ്ങളുടെ തുടക്കം. വീട്ടിലെ മൂത്ത മകനും ഭാര്യയും തമ്മിലുണ്ടായ കുടുംബപ്രശ്നം അന്വേഷിക്കാനെത്തിയ പോലീസ്, ഇരുവിഭാഗങ്ങളുമായി സംസാരിച്ച് പ്രശ്നം പരിഹരിച്ചിരുന്നു. തുടർന്ന് ഭാര്യ സ്വന്തം വീടായ മാവേലിക്കരയിലേക്കു മടങ്ങി.
എന്നാൽ, രാത്രി ഏഴിന് ഭാര്യയുടെ സഹോദരൻ ജിതിൻ എലിയാസ് ശംഭുവിന്റെ നേതൃത്വത്തിൽ എട്ടംഗ സംഘം ആയുധങ്ങളുമായി വീട്ടിലേക്ക് ഇരച്ചുകയറുകയായിരുന്നു. പെപ്പർ സ്പ്രേ പ്രയോഗിച്ച് വീട്ടുകാരെ തളർത്തിയ ശേഷം കമ്പിവടിയും ഹെൽമെറ്റും ഇരുമ്പ് പൈപ്പുകളും ഉപയോഗിച്ച് നടത്തിയ ആക്രമണത്തിൽ പ്രവിജിത്തിന്റെ തലയ്ക്ക് കമ്പിവടിയുകൊണ്ട് അടിയേറ്റ് ഏഴു തുന്ന ലുണ്ട്. അംബികയുടെ തലയ്ക്ക് ആറു തയ്യലും ഹെൽമെറ്റ് കൊണ്ടുള്ള അടിയേറ്റ് നടുവിന് ഒടിവും സംഭവിച്ചു. വീട്ടിലുണ്ടായിരുന്ന ഡൈനിംഗ് ടേബിൾ, ഫാൻ, ടിവി തുടങ്ങിയ ഉപകരണങ്ങൾ തല്ലിത്തകർക്കുകയും അംബികയുടെ കഴുത്തിലുണ്ടായിരുന്ന മാല പൊട്ടിച്ചെടുക്കുകയും ചെയ്തതായി പോലീസിന് നൽകിയ പരാതിയിൽ പറയുന്നു. പരിക്കേറ്റവരെ ആദ്യം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരിക്കുകൾ ഗുരുതരമായതിനാൽ പിന്നീട് കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. പ്രതികൾ ഒളിവിലാണെന്നും ടവർ ലൊക്കേഷനും സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും ചെങ്ങന്നൂർ സിഐ ആർ. രഗീഷ് കുമാർ പറഞ്ഞു.