കൊല്ലം: ചടയമംഗലത്ത് ഹോട്ടൽ ഉടമയെ ജീവനക്കാരൻ കുത്തികൊന്നു. കുരിയോട് സ്പൈസി ഹോട്ടല്‍ ഉടമയായ സക്കീർ ഹുസൈനാണ് (52) കൊല്ലപ്പെട്ടത്. പ്രതിയായ ജീവനക്കാരൻ ഇർഷാദ് പിടിയിലായിട്ടുണ്ട്.
മലപ്പുറം സ്വദേശിയായ ഇർഷാദിനെ മണ്ണന്തലയിൽ വച്ചാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാൾ നിലവിൽ കർണാടകയിലാണ് താമസിക്കുന്നത് . കൂലി സംബന്ധിച്ച തർക്കമാണ് ദാരുണമായ കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം.
സക്കീറിന്റെ ഉടമസ്ഥതയിലുള്ള കടയ്ക്കലിലെ ഹോട്ടലിൽ ഇർഷാദ് നേരത്തെ ജോലി ചെയ്തിരുന്നു. അന്ന് കൂലിയെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് ഇയാൾ നാട്ടിലേക്ക് മടങ്ങിയിരുന്നുവെങ്കിലും ഒരു മാസം മുൻപ് തിരികെ ജോലിയിൽ പ്രവേശിക്കുകയായിരുന്നു.
തിങ്കളാഴ്ച കൂരിയോടുള്ള ഹോട്ടലിൽ അറ്റകുറ്റപ്പണികൾക്കായി എത്തിയതായിരുന്നു സക്കീർ. ഈ സമയം ഹോട്ടലിന്റെ മുകളിലത്തെ മുറിയിൽ വച്ച് ഇർഷാദ് സക്കീറിനെ കുത്തിവീഴ്ത്തുകയായിരുന്നു.സക്കീർ ഹുസൈനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കൃത്യത്തിനു ശേഷം അടിയന്തരമായി നാട്ടിൽ പോകണമെന്ന് സഹപ്രവർത്തകനെ വിശ്വസിപ്പിച്ചാണ് ഇർഷാദ് ബസ് സ്റ്റാൻഡിലെത്തിയത്. അവിടെ നിന്നു രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പോലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതായാണ് വിവരം. ചടയമംഗലം പോലീസ് കേസിൽ വിശദമായ അന്വേഷണം നടത്തിവരികയാണ്.
Tags : Hotel owner stabbed security guard stabbed death