മാവേലിക്കര:വീട്ടമ്മയെ മരിച്ച നിലയില്‍ വീടിനുള്ളില്‍ കണ്ടെത്തി. തെക്കേക്കര മുള്ളിക്കുളങ്ങര അശ്വതിയില്‍ വീട്ടില്‍ രാജേഷിന്റെ ഭാര്യ രാജലക്ഷ്മിയെ (43) ആണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍ ആരോപിച്ചു. തിങ്കളാഴ്ചയാണ് സംഭവം. രാവിലെ എട്ടുമണിയോടെ മകള്‍ ആദിത്യ, രാജലക്ഷ്മിയെ വിളിച്ചെങ്കിലും കണ്ണു തുറക്കാതിരുന്നപ്പോൾ, ആദിത്യ കായംകുളത്തുള്ള സഹോദരി ഐശ്വര്യയെയും ബന്ധുക്കളെയും വിളിച്ചു വരുത്തി.
ചലനമറ്റ നിലയില്‍ കിടക്കുകയായിരുന്ന രാജലക്ഷ്മിയെ ബന്ധുക്കള്‍ സമീപത്തെ സ്വകാര്യ ക്ലിനിക്കിലും തുടര്‍ന്ന് കണ്ടിയൂരിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചു.
മരിച്ച നിലയിലാണ് രാജലക്ഷ്മിയെ ആശുപത്രിയില്‍ എത്തിച്ചതെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. രാജലക്ഷ്മിയുടെ ഭര്‍ത്താവ് രാജേഷ് ഓട്ടോറിക്ഷ ഡ്രൈവറാണ്. പതിവായി മദ്യപിച്ചെത്തുന്ന രാജേഷ് രാജലക്ഷ്മിയെ ശാരീരികമായി ഉപദ്രവിക്കാറുണ്ടെന്ന് ബന്ധുക്കള്‍ പറയുന്നു. ഞായറാഴ്ച രാത്രിയും പതിവുപോലെ മര്‍ദ്ദിച്ചിരുന്നു.
ഇതിനു ശേഷം എപ്പോഴോ ഓട്ടോയുമായി പുറത്തേക്ക് പോയ രാജേഷ് തിരികെ വീട്ടിലെത്തിയിരുന്നില്ല. രാജലക്ഷ്മിയുടെ മൃതദേഹത്തില്‍ മര്‍ദ്ദനമേറ്റ പാടുകള്‍ ഉണ്ടായിരുന്നതായും മരണത്തില്‍ സംശയമുണ്ടെന്നും അന്വേഷണം നടത്തണമെന്നും കാട്ടി ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്കാന് ഒരുങ്ങുകയാണ് ബന്ധുക്കള്‍. മൃതദേഹം മാവേലിക്കര ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍. ചൊവ്വാഴ്ച വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
Tags : Nattuvishesham Districtnews Deepikanews Housewife found