ആലപ്പുഴ: അതിർത്തികൾ അടച്ച വസ്തുവിൽ ജീവിക്കുന്ന കുടുംബത്തിന്റെ ദുരിതത്തിൽ മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു. മൂന്നു സെന്റ് ചതുപ്പിലെ ഒറ്റമുറി വീട്ടിൽനിന്നു പുറത്തിറങ്ങാൻ കഴിയാത്തവിധത്തിൽ ചുറ്റുമുള്ള വസ്തുവിന്റെ ഉടമസ്ഥർ വേലികെട്ടിയെന്ന പരാതിയിൽ അടിയന്തര നടപടിക്ക് മനുഷ്യാവകാശ കമ്മീഷൻ അംഗം വി. ഗീത ജില്ലാ കളക്ടർക്ക് നിർദേശം നൽകി.
ഹരിപ്പാട് ചിങ്ങോലി 13-ാം വാർഡിൽ സച്ചുഭവനത്തിൽ സി. സുധയുടെയും മകൻ സച്ചുവിന്റെയും ദുരവസ്ഥയിലാണ് കമ്മീഷൻ ഇടപെട്ടത്. പട്ടികജാതി വിഭാഗത്തിലുള്ള ഇവരുടെ ദുരവസ്ഥ പരിശോധിച്ച് ഏഴു ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകി.
വീടിനു സമീപമുള്ള കൈത്തോടിന്റെ വേലിയുടെ കമ്പികൾക്കിടയിലൂടെയാണ് ഇവർ ഇപ്പോൾ പുറത്തുകടക്കുന്നത്. സുധ വീട്ടുജോലി ചെയ്താണ് ജീവിക്കുന്നത്. ഒരു മാസം മുമ്പ് സുധയ്ക്ക് രോഗം വന്നപ്പോൾ തുണിവിരിച്ച് നിലത്ത് കിടത്തി വേലിക്കിടയിലൂടെ അപ്പുറത്തേക്ക് വലിച്ചുകടത്തിയാണ് ആശുപത്രിയിലെത്തിച്ചത്.
ചിങ്ങോലി ഗ്രാമപഞ്ചായത്തിൽനിന്ന് 20 മീറ്റർ അകലെയാണ് സുധയുടെ വീട്. പഞ്ചായത്തിൽ പരാതികൾ നൽകിയെങ്കിലും ഒരു നടപടിയുമെടുത്തില്ലെന്ന് സുധ പറഞ്ഞു. പഞ്ചായത്താണ് വാസയോഗ്യമല്ലാത്ത ഭുമി സുധയ്ക്ക് കൈമാറിയത്. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
Tags : Nattuvishesham Local Desk Human Rights Commission