മട്ടന്നൂർ: ഒരിക്കലും ലഹരി വസ്തുക്കൾ ഉപയോഗിക്കില്ലെന്ന് അമ്മമാർക്ക് ഉറപ്പ് നൽകി മട്ടന്നൂർ മധുസൂദനൻ തങ്ങൾ ഗവ യുപി സ്കൂളിലെ വിദ്യാർഥികൾ. ലഹരി വിരുദ്ധ വാരാചരണത്തിൽ അമ്മമാർക്ക് കത്തുകളിലൂടെയാണ് വിദ്യാർഥികൾ ഈ ഉറപ്പ് നൽകിയത്.
"അമ്മേ, ഞാൻ ജീവിതത്തിൽ ഒരിക്കലും ലഹരി ഉപയോഗിക്കില്ല. ഉപയോഗിക്കാൻ പ്രേരിപ്പിക്കുകയുമില്ല. ഉറച്ച തീരുമാനത്തോടെ അമ്മയ്ക്ക് വാക്കുനൽകുന്നു, എന്ന് അമ്മയുടെ സ്വന്തം ആമി.' സ്കൂളിലെ ആമി എന്ന വിദ്യാർഥിനി അമ്മയ്ക്ക് എഴുതി കത്തിൽ ഇങ്ങനെ കുറിച്ചു.
മറ്റു വിദ്യാർഥികളും അവരുടേതായ ഭാഷയിൽ പ്രതിഞ്ജയുമായാണ് അമ്മമാർക്ക് കത്തിലൂടെ ഉറപ്പ് നൽകിയത്. ലഹരിക്കെതിരെ അമ്മമാർക്ക് ഉറപ്പ് നൽകിയാൽ മക്കൾ അത് പാലിക്കുമെന്ന വിശ്വാസത്തിലാണ് ഇത്തരമൊരു ബോധവത്കരണ പരിപാടി നടത്തിയതെന്ന് സ്കൂൾ അധികൃതർ പറഞ്ഞു.
വിദ്യാർഥികൾ കത്തുകളുമായി റാലിയായി മട്ടന്നൂർ ബസ് സ്റ്റാൻഡിലെത്തി ഇവിടെയുള്ള പോസ്റ്റ് ബോക്സുകളിലാണ് കത്തുകൾ പോസ്റ്റ് ചെയ്തത്. "അമ്മയ്ക്കൊരു കത്ത്' എന്ന പേരിൽ സംഘടിപ്പിച്ച പരിപാടി മട്ടന്നൂർ മുനിസിപ്പൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ. മജീദ് ഉദ്ഘാടനം ചെയ്തു. അധ്യാപകരായ പി. നൗഫൽ, ടി.പി. സുരേഷ്കുമാർ, വി.കെ. സജിത്ത്കുമാർ, പി. ജീന എന്നിവർ നേതൃത്വം നൽകി.
Tags : Nattuvishesham Districte News