പ്രതീകാത്മക ചിത്രം
തൊടുപുഴ: അപസ്മാരവും പേശീ രോഗവുമായി എത്തിയ അഞ്ചുരുളി സ്വദേശിയായ 33കാരിക്ക് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ അപൂര്‍വശസ്ത്രക്രിയ. ന്യൂറോളജിസ്റ്റ് ഡോ. ജിതിന് ജോര്‍ജിന്റെ നേതൃത്വത്തില്‍ നടത്തിയ വിശദമായ പരിശോധനയില്‍ ഇവരുടെ തലച്ചോറിന്റെ ഇടത് ഹൈ ഫ്രണ്ടല്‍ ലോബില്‍ മുഴ കണ്ടെത്തി. ചലനശേഷിയെ പൂര്‍ണമായി നിയന്ത്രിക്കുന്ന മോട്ടോര്‍ കോര്‍ടെക്സ്, സപ്ലിമെന്ററി മോട്ടോര്‍ കോര്‍ടെക്സ് എന്നീ സൂക്ഷ്മമായ ഭാഗങ്ങളിലാണ് ട്യൂമര്‍ വളര്‍ന്നിരുന്നത്. ഇതുമൂലം തലച്ചോറില്‍ നീര്‍ക്കെട്ടും ഏഴുമില്ലീമീറ്ററോളം മധ്യരേഖയില്നിന്നുളള വ്യതിയാനവും ഉണ്ടായിരുന്നു.
ട്യൂമറിന്റെ സ്ഥാനംമൂലം സാധാരണ രീതിയിലുള്ള ശസ്ത്രക്രിയ നടത്തുന്നതു രോഗിയുടെ ചലനശേഷിയെ ബാധിക്കാനും പക്ഷാഘാതത്തിനു കാരണമാകാനും സാധ്യതയേറെയായിരുന്നു. ഈ സാഹചര്യത്തിലാണ് മെഡിക്കല്‍ സംഘം അതീവ സങ്കീര്‍ണമായ അവേക് ക്രാനിയോട്ടമി അഥവാ രോഗിയെ ഉണര്ത്തിയിരുത്തിയുള്ള ശസ്ത്രക്രിയ നടത്തിയത്. സാധാരണ പൂര്‍ണമായി അനസ്തേഷ്യ നല്‍കിയാണ് ഇത്തരം ശസ്ത്രക്രിയകള്‍ നടത്താറുള്ളത്.
ന്യൂറോ സര്ജന് ഡോ. ക്രാന്തിരാജ് പോപ്പത്ത് പവാറിന്റ നേതൃത്വത്തിലായിരുന്നു സങ്കീര്‍ണമായ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയത്. ന്യൂറോ അനസ്തെറ്റിസ്റ്റ് ഡോ. നിതീഷ് റോയ്, അനസ്തെഷ്യ വിഭാഗം മേധാവി ഡോ. സുനില്‍ എന്നിവരടങ്ങിയ സംഘവും ഒപ്പമുണ്ടായിരുന്നു.
ശസ്ത്രക്രിയയിലൂടെ ട്യൂമറിന്റെ പ്രധാന ഭാഗമെല്ലാം വിജയകരമായി നീക്കംചെയ്തു. ആശുപത്രിയില്‍ ആദ്യമായാണ് അവേക് ക്രാനിയോട്ടമി ശസ്ത്രക്രിയ വിജയകരമായി നടത്തുന്നതെന്നും രോഗി സുഖംപ്രാപിച്ചു വരുന്നതായും ആശുപത്രി അധികൃതര്‍ അറിയിച്ചു.
Tags : District News Nattuvishesham Rare surgery Hospital