ആനയിറങ്കല്‍ ഡാമിനു മറുകരയെത്തിയ ചക്കക്കൊമ്പനു സമീപത്തേക്ക് കുങ്കിയാനകളെ എത്തിച്ചപ്പോള്‍.
തൊടുപുഴ: ചക്കക്കൊമ്പന് മൂന്നാംദിനത്തിലും അടങ്ങാനോ മയങ്ങാനോ മെരുങ്ങാനോ തയാറാകാതെ ദൗത്യസംഘത്തെ വട്ടംകറക്കി. ദൗത്യത്തിന്റെ മൂന്നാംദിനമായ ഇന്നലെ ഉച്ചകഴിഞ്ഞ് 3.30ന് ചിന്നക്കനാല്‍ 301 കോളനി അങ്കണവാടിക്കു സമീപമാണ് ചക്കക്കൊമ്പനെ മയക്കുവെടി വച്ചത്. ഇതു ലക്ഷ്യംകണ്ടില്ല. ഇതോടെ അടുത്ത വെടിയുതിര്‍ത്തു. ആദ്യദിനത്തിലും ഇതിനു സമീപമായിരുന്നു മയക്കുവെടി വച്ചത്.
മയക്കുവെടിയേറ്റിട്ടും തെല്ലും കൂസലില്ലാതെ നിന്നതോടെ ബൂസ്റ്റര്‍ ഡോസ് അരമണിക്കൂറിനു ശേഷം നല്കി. എന്നിട്ടും ശൗര്യം വിടാതെ ആന ആനയിറങ്കല്‍ ഡാമിനു സമീപത്തെ തുരുത്ത് ലക്ഷ്യമാക്കി നീങ്ങി. ഇവിടെനിന്നു പുഴയില്‍ ഇറങ്ങാതെ ആനയെ സുരക്ഷിത സ്ഥാനത്തേക്കു നീക്കുന്നതിനായി ദൗത്യസംഘം ബോട്ടിലെത്തി പടക്കം പൊട്ടിച്ചും മറ്റും ശ്രമം നടത്തിക്കൊണ്ടിരുന്നു. വനത്തിനു മുകളില്‍ ഡ്രോണ്‍ നിരീക്ഷണം നടത്തി ആനയുടെ ഓരോ ചലനവും കൃത്യമായി വീക്ഷിച്ചുകൊണ്ടിരുന്നു.
എന്നാല്‍ എല്ലാ നീക്കങ്ങളെയും പരാജയപ്പെടുത്തി ചക്കക്കൊമ്പന് ആനയിറങ്കല്‍ ഡാം നീന്തിക്കടന്ന് കരയ്ക്കു സമീപം ജലാശയത്തില്‍ കുറച്ചു സമയം നിലയുറപ്പിച്ചു. ബോട്ടിലെത്തിയ ദൗത്യസംഘം ജലാശയത്തില്‍നിന്ന് ആനയെ കരയ്ക്കു കയറ്റുന്നതിനായി കിണഞ്ഞു ശ്രമിച്ചു. ഒടുവില്‍ തീരത്തോടു ചേര്‍ന്നുള്ള നിരപ്പായ സ്ഥലത്ത് കയറി ചക്കക്കൊമ്പന് അനങ്ങാതെനിന്നു. ഈ സമയം കുങ്കിയാനകളെ എത്തിച്ച് ദൗത്യം പൂര്‍ത്തിയാക്കാന്‍ കിണഞ്ഞുശ്രമിച്ചെങ്കിലും ആന കാടിന്റെ ഭാഗത്തേക്ക് നീങ്ങിയതോടെ കുങ്കിയാനകളെ സ്ഥലത്തുനിന്ന് ദൂരേയ്ക്കുമാറ്റേണ്ടിവന്നു.
ദൗത്യസംഘത്തെയും മെരുക്കാന്‍ കൊണ്ടുവന്ന കുങ്കിയാനകളെയും ഒരുപോലെ മുള്‍മുനയില്‍ നിര്‍ത്തുകയായിരുന്നു ചക്കക്കൊമ്പന്. ഈ സമയം ആന മയക്കത്തിലായെന്ന സംശയത്തെതുടര്‍ന്നു ദൗത്യസേന ആനയുടെ സമീപ ത്ത് എത്താന്‍ ശ്രമിച്ചെങ്കിലും ആനവീണ്ടും കാട്ടിലേക്ക് കയറുകയായിരുന്നു. ഇതോടെ രണ്ടുഡോസ് മയക്കുവെടി നല്‍കിയിട്ടും പ്രതീക്ഷിച്ചതുപോലെ മയക്കം ഉണ്ടായിട്ടില്ലെന്നു തിരിച്ചറിഞ്ഞു. രാത്രി വൈകിയാണെങ്കിലും ആന മയങ്ങിയാല്‍ ദൗത്യം പൂര്‍ത്തിയാക്കാനായിരുന്നു ശ്രമം. ഇതിനായി കൂടുതല്‍ ദൗത്യസേനാഗങ്ങളെയും വെളിച്ചമടക്കമുള്ള സംവിധാനങ്ങളും ബോട്ടില്‍ ഇവിടെയെത്തിച്ചു. എന്നാല്‍, നേരം ഇരുട്ടുകയും പ്രദേശത്ത് മൂടല്‍മഞ്ഞ് വ്യാപിക്കുകയും ചെയ്തതോടെ സുരക്ഷ മുന്‍ നിര്‍ത്തി മൂന്നംദിവസവും ദൗത്യം നിര്‍ത്തുകയായിരുന്നു. നിലവില്‍ അനിശ്ചിത കാലത്തേക്ക് ദൗത്യം നിര്‍ത്തിവയ്ക്കാനാണ് തീരുമാനം.
തന്ത്രം മെനഞ്ഞു; അതുക്കും മേലേ ചക്കക്കൊമ്പന്
തൊടുപുഴ: ‘മിഷന് ചക്കക്കൊമ്പന്’ മൂന്നാംദിനത്തിലേക്ക് കടന്നതോടെ ദൗത്യം വിജയിപ്പിക്കണമെന്ന ഒരേയൊരു ചിന്തയായിരുന്നു ദൗത്യസംഘത്തിനുണ്ടായിരുന്നത്. അതിനായി സര്‍വസന്നാഹങ്ങളുമൊരുക്കി. ഇതിന്റെ ഭാഗമായി 140 അംഗ ദൗത്യസംഘം അരയും തലയും മുറുക്കി കളത്തിലിറങ്ങി.
എന്നാല്‍ ദൗത്യസംഘത്തിന്റെ എല്ലാ കണക്കുക്കൂട്ടലുകളും തെറ്റിച്ച് ചക്കക്കൊമ്പന്റെ കുശാഗ്രബുദ്ധിയുടെ മുന്നില്‍ ദൗത്യസംഘത്തിന്റെ ഓരോ നീക്കവും തകരുകയായിരുന്നു. ഇതോടെ ഇന്നലെ പുലര്‍ച്ചെ ആരംഭിച്ച ദൗത്യം നേരം ഇരുട്ടിയിട്ടും വിജയത്തിലെത്താതെ പോകുകയായിരുന്നു. ചിന്നക്കനാല്‍, 301 കോളനിയടക്കമുള്ള പ്രദേശങ്ങളില്‍ ദൗത്യസംഘം വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞാണ് പ്രവര്‍ത്തിച്ചത്.
ആന എവിടേക്ക് നീങ്ങിയാലും നിരീക്ഷിക്കുന്നതിനും മയക്കുവെടി വയ്ക്കുന്നതിനും സുരക്ഷിതസ്ഥാനത്ത് എത്തിക്കുന്നതിനുമായിരുന്നു ശ്രമം. ബേസ് ക്യാമ്പായ ചിന്നക്കനാല്‍ ഫാത്തിമമാതാ ഹൈസ്കൂളിലായിരുന്നു പ്രവര്‍ത്തനങ്ങളുടെ ഏകോപനം. ഹൈറേഞ്ച് സര്‍ക്കിള്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ നേതൃത്വത്തില്‍ മൂന്ന് ഡിഎഫ്ഒ മാരടക്കം150 പേരാണ് ദൗത്യത്തില്‍ പങ്കുചേര്‍ന്നത്.
ഇതിനു പുറമേ പൊലിസ്, മോട്ടോര്‍വാഹനവകുപ്പ്, ഫയര്‍ഫോഴ്സ്, റവന്യു ആരോഗ്യ വിഭാഗങ്ങളും ദൗത്യത്തിന്റെ ഭാഗമായി. കുങ്കിയാനകളായ വിക്രം, ഭരത് എന്നിവയെയും വയനാട്ടില്‍നിന്ന് എത്തിച്ചിരുന്നു. ദൗത്യത്തിന്റെ ഭാഗമായി ചിന്നക്കനാല്‍ പഞ്ചായത്തിലെ ആറു വാര്‍ഡുകളിലും നിരോധനാജ്ഞ പ്രഖ്യാപിക്കുകയും സ്കളുകള്‍ക്ക് അവധി നല്‍കുകയും ചെയ്തിരുന്നു. ചക്കക്കൊമ്പന് ദൗത്യം ഫലം കാണാതെ പോയതോടെ ഭീഷണിയുടെ മുള്‍മുനയിലായിരുന്ന പ്രദേശവാസികളില്‍ വീണ്ടും ആശങ്കയുടെ കരിനിഴല്‍ പടര്‍ന്നിരിക്കുകയാണ്.
ചക്കക്കൊമ്പന് ദൗത്യം: നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു
ഇടുക്കി: ചക്കക്കൊമ്പനെ പിടികൂടി റേഡിയോ കോളര്‍ ഘടിപ്പിക്കുന്ന ദൗത്യത്തിന്റെ ഭാഗമായി ചിന്നക്കനാല്‍ പഞ്ചായത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ ജില്ലാ കളക്ടര്‍ പിന്‍വലിച്ചു.
ജനവാസമേഖലകളില്‍ നിരന്തരമെത്തി ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി ഉയര്‍ത്തുന്ന ചക്കക്കൊമ്പനെ മയക്കുവെടിവച്ച് പിടികൂടി റേഡിയോ കോളര്‍ ഘടിപ്പിക്കുന്നതിനുള്ള നടപടികള്‍ നവംബര്‍ 25 മുതലാണ് വനംവകുപ്പിന്റെ നേതൃത്വത്തില്‍ നടന്നുവന്നത്. ഇതിന്റെ ഭാഗമായി ചിന്നക്കനാല്‍ പഞ്ചായത്തിലെ ആറ് വാര്‍ഡുകളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇന്നലെയും ദൗത്യം പൂര്‍ത്തിയാക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചത്.
Tags : Chakkakomban' nattu vishesham local news Chakkakomban hit by a tranquilizer dart