തലശേരി: മതത്തിന്റെ പേരിൽ മനുഷ്യർക്ക് പൗരത്വം നഷ്ടപ്പെടുന്ന നാടായി ഇന്ത്യ മാറിയെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യാ സെക്രട്ടറി എ.എ. റഹിം എംപി. ഡിവൈഎഫ്ഐയുടെ ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം തലശേരി റൂറൽ ബാങ്ക് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അതിസങ്കീർണമായ ഈ കാലഘട്ടത്തെ മുറിച്ചുകടക്കാന്‍ സ്വയം രാഷ്ട്രീയവത്കരിക്കുക എന്നതിനപ്പുറം മറ്റൊരു ബദലില്ലെന്നും എ.എ. റഹീം എംപി പറഞ്ഞു. ജില്ലാ പ്രസിഡന്റ് മുഹമ്മദ് അഫ്സൽ അധ്യക്ഷത വഹിച്ചു.
വിദ്യാഭ്യാസ മേഖലയിലെ സംഘപരിവാർവത്കരണം അവസാനിപ്പിക്കുക. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ യുവജന വിരുദ്ധനയങ്ങൾ തിരുത്തുക എന്നീ ആവശ്യങ്ങൾ പ്രമേയത്തിലൂടെ സമ്മേളനം ആവശ്യപ്പെട്ടു. ജില്ലയിലെ 18 ബ്ലോക്ക് കമ്മിറ്റികളില്‍നിന്ന് 400 പ്രതിനിധികളാണ് മൂന്നു ദിവസങ്ങളിലായുള്ള സമ്മേളനത്തിൽ പങ്കെടുക്കുന്നത്.
ഇന്ന് ഗ്രൂപ്പ് ചർച്ചയ്ക്കുശേഷം പൊതുചർച്ച നടക്കും. നാളെ പ്രവർത്തന റിപ്പോർട്ട്, സംഘടനാ റിപ്പോർട്ട് എന്നിവയിലുള്ള ചർച്ചയ്ക്ക് മറുപടിയും പുതിയ കമ്മിറ്റി തെരഞ്ഞെടുപ്പും നടക്കും. വൈകുന്നേരം പ്രകടനവും തലശേരി പുതിയ ബസ്സ്റ്റാൻഡിൽ പൊതുയോഗവും നടക്കും. സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റംഗം എം. സ്വരാജ് ഉദ്ഘാടനം ചെയ്യും.
Tags : Nattuvishesham Districte News