കാലടി: കാഞ്ഞൂർ സെന്റ് മേരീസ് ഫൊറോന പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിനോടനുബന്ധിച്ച് തയാറെടുപ്പുകൾ ചർച്ച ചെയ്യുന്നതിനായി അൻവർ സാദത്ത് എംഎൽഎ, ജില്ലാ കളക്ടർ ജി. പ്രിയങ്ക, പെരുമ്പാവൂർ എഎസ്പി ഹാർദിക് മീണ എന്നിവരുടെ നേതൃത്വത്തിൽ അവലോകന യോഗം നടന്നു. 19, 20, 26,27 തീയതികളിലാണ് തിരുനാൾ.
തിരുനാൾ ഭംഗിയായി നടത്തുന്നതിന് വേണ്ട കാര്യങ്ങൾ സമയബന്ധിതമായി ചെയ്യുന്നതിന് വേണ്ട നടപടികൾ ഉണ്ടാകണമെന്ന് കളക്ടർ നിർദേശിച്ചു.
വിവിധ വകുപ്പ് ഉദ്യോഗസ്ഥർക്ക് തിരുനാൾ സുഗമമായി നടത്തുന്നതിനാവശ്യമായ നിർദേശങ്ങൾ നൽകി. തിരുനാൾ ദിവസങ്ങളിൽ ക്രമസമാധാനച്ചുമതലക്കായി കൂടുതൽ പോലീസുകാരെ വിന്യസിക്കും. ഹോംഗാർഡ് ഉൾപ്പടെയുള്ളവരുടെ സേവനം ഇതിനായി വിനിയോഗിക്കും. പള്ളിയുടെ സമീപ പ്രദേശങ്ങളിൽ പാർക്കിംഗ് നിരോധിക്കുകയും കൂടുതൽ പാർക്കിങ്ങ് ഗ്രൗണ്ടുകൾ സജ്ജമാക്കുകയും ചെയ്യും. എക്സൈസ് വിവിധ റേഞ്ച് ഓഫീസുകളുടെയും സ്ക്വാഡുകളുടെയും നേതൃത്വത്തിൽ കർശന പരിശോധന നടത്തും.
വൈദ്യുതി ബന്ധം വിച്ഛേദിക്കാതിരിക്കുന്നതിനാവശ്യമായ ക്രമീകരണങ്ങൾ നടത്താൻ വൈദ്യുത വകുപ്പിന് നിർദേശം നൽകി. തിരുനാൾ ദിനങ്ങളിൽ പള്ളിയിലേക്കെത്തുന്നതിനാവശ്യമായ കെഎസ്ആർടിസി ബസുകൾ ഏർപ്പെടുത്തും. സ്വകാര്യ ബസുകൾക്ക് താത്കാലിക പെർമിറ്റും നൽകും.
ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിനായി ഭക്ഷ്യ സുരക്ഷാ വകുപ്പ് പ്രത്യേക സ്ക്വാഡിനെ ചുമതലപ്പെടുത്തും. കുടിവെള്ളം പരിശോധിക്കുന്നതിനായി മൊബൈൽ ലാബും പ്രവർത്തിക്കും.
ഭക്ഷ്യ വസ്തുക്കൾക്ക് അമിത വില ഈടാക്കുന്നത് തടയുന്നതിനായി സിവിൽ സപ്ലൈസ് വകുപ്പ് പ്രത്യേക സ്ക്വാഡിനെ ചുമതലപ്പെടുത്തും. റോഡിന്റെ അറ്റകുറ്റ പണികൾ പൂർത്തിയായി ഗതാഗതം സുഗമമാക്കാൻ പൊതുമരാമത്ത് വകുപ്പിന് നിർദേശം നൽകി. തിരുനാൾ ദിവസങ്ങളിൽ അഗ്നി രക്ഷാ സേനാ ഉദ്യോഗസ്ഥരുടെ സേവനവും ഉറപ്പാക്കും.
പൂർണമായും ഹരിത പ്രോട്ടോക്കോൾ പാലിച്ചു കൊണ്ടായിരിക്കും തിരുനാൾ നടത്തുന്നത്. മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കും.ഇതിനായി ഹരിത കേരള മിഷനും ശുചിത്വ മിഷനും സംയുക്തമായി പ്രവർത്തനങ്ങൾ നടപ്പിലാക്കും. തിരുനാൾ ദിവസങ്ങളിൽ എത്തിച്ചേരുന്ന ഭ്ജനങ്ങൾക്ക് വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് പ്രത്യേകം ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.
അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ തങ്കച്ചൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ സെബാസ്റ്റ്യൻ പോൾ, പ്രിൻസി ഡേവിസ്, പൗളി ബേബി, ജില്ലാ പഞ്ചായത്തംഗം അഹല്യ സദാനന്ദൻ,വിവിധ മത രാഷ്ട്രീയ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. പള്ളി വികാരി ഫാ. ജോയ് കണ്ണമ്പുഴ, അസിസ്റ്റന്റ് വികാരിമാരായ ഫാ. അമൽ പെരിയപാടൻ, ഫാ. റിൻസ് പുതുശേരി, ഫാ. ജോസ് വലിയകടവിൽ, തിരുനാൾ കമ്മിറ്റി കൺവീനർ ജോയ് ഇടശേരി ജോയിന്റ് കൺവീനർ ജോഷി ചേറ്റുങ്ങൽ, സെക്രട്ടറി ബിജു പെരുമായൻ, ജോയിന്റ് സെക്രട്ടറി ലിജോ ഐക്യരേത്ത്, ട്രഷറർ ജോജി പുതുശേരി, കൈക്കാരന്മാരായ ജോസി കോഴിക്കാടൻ, ജോസ് പാറക്ക വൈസ് ചെയർമാൻ ഡേവിസ് വരേകുളം തുടങ്ങിയവർ സംസാരിച്ചു.
Tags : nattu vishesham Kanjur Thirunal