ഇന്നലെ പുലർച്ചെ കേളകം പഞ്ചായത്തിലെ ജനവാസമേഖലയിൽ എത്തിയ കാട്ടാന.
കേളകം: കേളകം പഞ്ചായത്തിലെ ജനവാസമേഖലകളിൽ മണിക്കൂറുകളോളം ഭീതി വിതച്ച് കാട്ടാന ഇറങ്ങി. വളയംചാൽ, നരിക്കടവ്, പൂക്കുണ്ട് ഭാഗങ്ങളിലാണ് ഇന്നലെ പുലർച്ചെ കാട്ടാന എത്തിയത്. പുലർച്ചെ നാലിന് ജനവാസമേഖലയിൽ എത്തിയ ആന 7.30 ഓടെയാണു മതിൽ കടന്ന് തിരികെ വനത്തിലേക്കു പോയത്.
വളയംചാൽ വന്യജീവി സങ്കേതം ഓഫീസിനു മുന്നിലെ പാലത്തിലൂടെ കയറിയാണു കാട്ടാന കേളകം പഞ്ചായത്ത് പരിധിയിൽ പ്രവേശിച്ചത്. വന്യജീവി സങ്കേതം ഓഫീസിന് മുന്നിലൂടെ ആന കടന്നുപോയിട്ടുപോലും വനംവകുപ്പ് ഇക്കാര്യം അറിഞ്ഞില്ല. ഏറെ നേരം കഴിഞ്ഞാണ് ആന കേളകത്തെ ജനവാസമേഖലയിൽ ഉണ്ടെന്ന വിവരം വനംവകുപ്പിന് ലഭിക്കുന്നത്. രാത്രി ആറളം ഫാം മേഖലയിൽ ഈ ആനയെ കണ്ടിരുന്നു. എന്നിട്ടും ആനയുടെ സഞ്ചാരപഥം കൃത്യമായി മനസിലാക്കാൻ വനംവകുപ്പിന് സാധിച്ചില്ല.
വീടുകളുള്ള പ്രദേശത്തുകൂടെ മണിക്കൂറുകളോളം കാട്ടാന സഞ്ചരിച്ചത് പ്രദേശവാസികളെ പരിഭ്രാന്തിയിലാഴ്ത്തി. പുലർച്ചെ ആന വരുന്നതുകണ്ട് റബർ ടാപ്പിംഗ് നടത്തിയിരുന്ന തൊഴിലാളികൾ ഓടി രക്ഷപ്പെടുകയായിരുന്നു. പ്രദേശത്തെ നിരവധിയിടങ്ങളിൽ കാട്ടാന കാർഷിക വിളകളും നശിപ്പിച്ചു.പുലർച്ചെ തന്നെ ആന ജനവാസമേഖലയിൽ എത്തിയിട്ടും പ്രദേശവാസികൾക്ക് യാതൊരുവിധ ജാഗ്രതാ നിർദേശവും നൽകാൻ വനംവകുപ്പ് തയാറായില്ലെന്ന് ശക്തമായ ആരോപണം ഉയർന്നിട്ടുണ്ട്. വന്യജീവി സങ്കേതം ഓഫീസിനു മുന്നിലൂടെ ആന പോയിട്ടുപോലും അറിയാതെ പോയത് വനംവകുപ്പിന്റെ ഭാഗത്തുനിന്നുണ്ടായ വലിയ വീഴ്ചയാണെന്നാണ് നാട്ടുകാർ പറയുന്നത്.
പുലർച്ചെ നിരവധി കർഷകർ റബർ ടാപ്പിംഗിനായി എത്തുന്ന മേഖലയാണ് വളയംചാൽ. കാട്ടാനയുടെ സാന്നിധ്യം അറിഞ്ഞിട്ടും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ മുന്നറിയിപ്പു നൽകാത്തത് വലിയ അപകടത്തിന് വഴിയൊരുക്കുമായിരുന്നുവെന്നു നാട്ടുകാർ ചൂണ്ടിക്കാട്ടി.
മുന്പും നിരവധി തവണ കാട്ടാന ജനവാസ മേഖലയിലിറങ്ങിയപ്പോൾ ആനമതിലിനോടു ചേർന്ന് തൂക്കുവേലി സ്ഥാപിക്കുമെന്ന് പഞ്ചായത്ത് അധികൃതർ ഉറപ്പുനൽകിയിരുന്നു. എന്നാൽ നാളിതുവരെ ഉറപ്പ് നടപ്പാക്കിയില്ല. അധികൃതരുടെ അനാസ്ഥയ്ക്കെതിരെ വരും ദിവസങ്ങളിൽ പഞ്ചായത്തിനു മുന്നിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നു പ്രദേശവാസികൾ അറിയിച്ചു.വളയംചാൽ മേഖലയിലേക്ക് കാട്ടാനകൾ കടന്നുവരുന്നത് തടയാൻ അടിയന്തരമായി ആനപ്രതിരോധ സംവിധാനങ്ങൾ ഒരുക്കണമെന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
Tags : elephant came and left Nattuvishesham DistrictNews